ബാങ്ക് ലോക്കർ നിയമത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ; നിങ്ങളറിയേണ്ടതെല്ലാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇന്ത്യയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള വസ്തുക്കള്‍ സുരക്ഷിതമായി വെയ്ക്കുവാന്‍ വേണ്ടി ലോക്കര്‍ സൗകര്യം പ്രദാനം ചെയ്യുന്നത്. ഓഗസ്റ്റ് 18 ലെ ഒരു സര്‍ക്കുലര്‍ അനുസരിച്ച് നിലവിലുള്ള സുരക്ഷിത നിക്ഷേപ ലോക്കറുകള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു കൂട്ടം നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നു. പ്രസ്തുത സര്‍ക്കുലര്‍ അനുസരിച്ച് താഴെപറയുന്ന കാര്യങ്ങള്‍ ഇടപാടുകാരും ബാങ്കുകളും മനസിലാക്കിയിരിക്കണം. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

(1) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെവൈസി നിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന ബാങ്കിംഗ് ബന്ധങ്ങള്‍ ഇല്ലാതെ ഇടപാടുകാര്‍ക്കും സുരക്ഷിത നിക്ഷേപ ലോക്കര്‍ സൗകര്യം ബാങ്കിന് കൊടുക്കാന്‍ കഴിയുന്നതാണ്.
(2) പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ലോക്കറില്‍ നിയമവിരുദ്ധമായ സാധനങ്ങളോ, അപകടകരമായ വസ്തുക്കളോ സൂക്ഷിക്കുവാന്‍ സാധിക്കില്ല. ലോക്കര്‍ കരാറില്‍ അത്തരത്തിലുള്ള ഒരു ക്ലോസ് ഉണ്ടായിരിക്കുന്നതാണ്.
(3) അലോട്ട്‌മെന്റിന് ലോക്കറുകള്‍ ലഭ്യമല്ലെങ്കില്‍ ബാങ്കുകള്‍ ഒരു വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കുകയും വെയ്റ്റിംഗ് ലിസ്റ്റ് ഇടപാടുകാര്‍ക്ക് കൊടുക്കുകയും വേണം.
(4) സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ഉണ്ടാക്കുന്ന ഒരു മോഡല്‍ കരാര്‍ ബാങ്കുകള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
(5) ലോക്കര്‍ വാടക അടയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷത്തെ ലോക്കര്‍ വാടകയും ലോക്കര്‍ തുറക്കാനുള്ള ചാര്‍ജുകളും ഉള്‍പ്പെടെ ഒരു തുക ടേം ഡിപ്പോസിറ്റായി ലോക്കര്‍ അനുവദിക്കുന്ന സമയത്ത് ബാങ്കുകള്‍ക്ക് സ്വീകരിക്കുവാന്‍ കഴിയുന്നതാണ്.
(6) ലോക്കര്‍ റൂമിലേക്ക് ഒരു പ്രവേശനകവാടം മാത്രമുള്ള അതിശക്തമായ സംവിധാനം ബാങ്കുകള്‍ ഉണ്ടാക്കണം. അനുയോജ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കണം.
(7) ഒരേസമയം ഒന്നില്‍ കൂടുതല്‍ ഇടപാടുകാര്‍ ഉണ്ടെങ്കില്‍ ലോക്കര്‍ ഉടമകള്‍ക്ക് വേണ്ട സ്വകാര്യത ബാങ്കുകള്‍ ഉറപ്പുവരുത്തണം.
(8) ലോക്കറുമായി ബന്ധപ്പെട്ട കൃത്യമായ ഒരു ആന്തരിക നിയന്ത്രണ സംവിധാനം ബാങ്കുകള്‍ ഉണ്ടാക്കണം.
(9) സുരക്ഷിത നിക്ഷേപ ലോക്കറുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നോമിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം.
(10) ബാങ്കുകള്‍ക്ക് ഇടപാടുകാര്‍ മരിക്കുമ്പോള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി ഒരു പോളിസി ഉണ്ടായിരിക്കണം.
(11) ബാങ്കില്‍നിന്ന് ലഭിച്ച ലോക്കറിന്റെ കീ നഷ്ടപ്പെട്ടാല്‍ ഇടപാടുകാര്‍ എത്രയും പെട്ടെന്ന് ആ വിവരം ബാങ്കിനെ അറിയിക്കണം. ആ സമയത്ത് ലോക്കര്‍ തുറക്കുവാനും (ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പോളിസിയും ലോക്കര്‍ പൊട്ടിക്കാനുള്ള SOPയും അനുസരിച്ച്) അതിനുവേണ്ട ചെലവ് ഈ ഇടപാടുകാരുടെ കയ്യില്‍നിന്നും ഈടാക്കുവാനും സാധിക്കുന്നതാണ്.
(12) മേല്‍ പറഞ്ഞ പോലെ ലോക്കര്‍ തുറക്കുന്നതിന് മുമ്പ് ബാങ്ക് ലോക്കര്‍ ഉടമയ്ക്ക് കത്ത്, എസ്എംഎസ് അലര്‍ട്ട്, ഇമെയ്ല്‍ എന്നിവ വഴി വിവരം അറിയിക്കണം.
(13) ഏഴ് വര്‍ഷമായി പ്രവര്‍ത്തനരഹിതമായ ലോക്കറുകള്‍ (സ്ഥിരമായി വാടക അടയ്ക്കുന്നുവെങ്കില്‍ പോലും) ലോക്കര്‍ ഉടമയെ കണ്ടെത്തുവാന്‍ പറ്റിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് ലോക്കറിലെ വസ്തുക്കള്‍ നോമിനികള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്നതാണ്. അതുമല്ലെങ്കില്‍ വസ്തുക്കള്‍ സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ട്.
(14) പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് ലോക്കറുകള്‍ക്ക് നഷ്ടമുണ്ടായാല്‍ ബാങ്ക് ഉത്തരവാദിയല്ല.
(15) തീപ്പിടിത്തം, കവര്‍ച്ച, കെട്ടിടം തകരല്‍ തുടങ്ങിയവ മൂലം (ബാങ്കുകള്‍ മതിയായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍) ലോക്കറിലെ വസ്തുക്കള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ സുരക്ഷിത നിക്ഷേപ ലോക്കറുകളുടെ വാര്‍ഷിക വാടകയുടെ 100 ഇരട്ടിയായിരിക്കും ബാങ്കുകളുടെ ബാധ്യത. കൂടാതെ, ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. എന്നാല്‍ ലോക്കര്‍ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.
ബന്ധപ്പെട്ട ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് Safe deposit locker facility / Safe custody of article എന്നിവയ്ക്ക് വേണ്ടി ഒരു പുതിയ പോളിസി ഉണ്ടാക്കുന്നതാണ്.


Related Articles

Next Story

Videos

Share it