സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുമായും ക്രെഡിറ്റ് കാര്‍ഡുകളുമായും ബന്ധപ്പെട്ട് പുതുക്കിയ നിരക്കുകള്‍ ഇതാണ്
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുമായും ക്രെഡിറ്റ് കാര്‍ഡുകളുമായും ബന്ധപ്പെട്ട് പ്രധാന ബാങ്കുകള്‍ പ്രഖ്യാപിച്ച പുതുക്കിയ നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക്
ചെക്ക്ബുക്ക് നല്‍കുന്നത്, ഐ.എം.പി.എസ്, ക്ലിയറന്‍സ്, ഡെബിറ്റ് റിട്ടേണുകള്‍ തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി ബാങ്ക് പുതുക്കിയ നിരക്കുകള്‍ ഈടാക്കാന്‍ തുടങ്ങി. ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ് നഗരങ്ങളില്‍ 200 രൂപയും ഗ്രാമങ്ങളില്‍ 99 രൂപയുമായി. പുതുക്കിയ ചട്ടം അനുസരിച്ച് ഉപഭോക്താവിന് ഒരു വര്‍ഷത്തേക്ക് 25 ചെക്ക് ലീഫുകള്‍ മാത്രമേ സൗജന്യമായി നല്‍കൂ. ഓരോ അധിക ചെക്ക് ലീഫിനും 4 രൂപ ഈടാക്കും.
1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 2.50 രൂപയാണ് പുതിയ ഐ.എം.പി.എസ് ചാര്‍ജ്, 1000 മുതല്‍ 25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപയും 25,000 മുതല്‍ 5 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയുമാണുള്ളത്. ഉപഭോക്താക്കള്‍ക്ക് യാതൊരു ഫീസും നല്‍കാതെ അവരുടെ ബാങ്ക് അക്കൗണ്ട് ഇനി മുതൽ ക്ലോസ് ചെയ്യാം.
യെസ് ബാങ്ക്
യെസ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പുതിയ സേവന നിരക്കുകള്‍ ബാധകമാണ്. യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗ്യാസ്, വൈദ്യുതി മറ്റ് യൂട്ടിലിറ്റികള്‍ തുടങ്ങിയ ബില്ലുകള്‍ അടയ്ക്കുന്നത് ചെലവേറിയതായി. അതേസമയം യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പുതുക്കിയ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന മൊത്തം യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഉപഭോക്താവ് ഒരു ശതമാനം അധിക ചാര്‍ജും ജി.എസ്.ടിയും നല്‍കണം. അതേസമയം ഫസ്റ്റ് പ്രൈവറ്റ് സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ്, എല്‍.ഐ.സി ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്, എല്‍.ഐ.സി സെലക്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഇത് ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്.ഡി പ്ലാനിനുള്ള അവസാന തീയതി മെയ് 10 ആണ്.