അടിമുടി മാറാൻ ഐ.എം.പി.എസ്; പണമിടപാട് ഇനി കൂടുതൽ എളുപ്പത്തിൽ

ഉപഭോക്താവിന് സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ ബാങ്ക് സന്ദര്‍ശിക്കേണ്ട ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ വരവ് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പമാക്കി. ഇപ്പോള്‍, കുറച്ച് ക്ലിക്കുകളിലൂടെ പണമിടപാടുകള്‍ വേഗത്തില്‍ നടത്താനാകും. ഐ.എം.പി.എസ് (Immediate Payment Service) വഴിയുള്ള പണമിടപാടുകളും ഇനി ഏറെ എളുപ്പത്തില്‍ നടത്താം.

നാളെ മുതല്‍ (2024 ഫെബ്രുവരി 1) ഐ.എം.പി.എസ് വഴി പണമയക്കാന്‍ സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടിന്റെ പേരും മാത്രം മതിയാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. ഇത്തരം പണമിടപാടുകള്‍ നടത്താന്‍ ഇനി ഗുണഭോക്താവിന്റെ പേര്, ഐ.എഫ്.എസ്.സി എന്നിവ ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.പി.സി.ഐ അറിയിച്ചു. നിലവില്‍ അക്കൗണ്ടും ഐ.എഫ്.എസ്.സിയും ഉപയോഗിച്ചോ അല്ലെങ്കില്‍ മൊബൈല്‍ നമ്പറും എംഎം.ഐ.ഡിയും ഉപയോഗിച്ചോ ആണ് ഐ.എം.പി.എസ് പണമിടപാടുകള്‍ നടത്തുന്നത്.

പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണമായ രീതികളില്‍ ഒന്നാണ് ഐ.എം.പി.എസ്. തല്‍ക്ഷണ പണകൈമാറ്റത്തിന് സൗകര്യം നല്‍കുന്ന ഒരു പ്രധാന പണമിടപാട് സംവിധാനം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, ബാങ്ക് ശാഖകള്‍, എ.ടി.എമ്മുകള്‍, തുടങ്ങിയ വിവിധ ചാനലുകളിലൂടെയും ഐ.എം.പി.എസ് വഴി പണം കൈമാറ്റം ചെയ്യാനാകും.

Related Articles
Next Story
Videos
Share it