ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ലോക്ഡൗണിലും പ്രവര്‍ത്തിക്കും; വിശദാശങ്ങളറിയാം

ലോക്ഡൗണിലും എന്‍ബിഎഫ്‌സികള്‍ക്ക് പ്രവര്‍ത്തനാനുമതി. സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായുള്ള അനുമതി ലഭിച്ചതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും ഉപയോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും തങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേ സമയം പരമാവധി പേര്‍ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ നല്‍കി വരുന്ന വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ശാഖകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അതത് സ്ഥാപനങ്ങളുടെ ബാക്ക്-എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ സജ്ജമായിരിക്കും. ലോണ്‍ തിരിച്ചടയ്ക്കല്‍, ലോണ്‍ ടോപ്പ് അപ്പ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോള്‍ സെന്റര്‍, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാകും. ബ്രാഞ്ച് സന്ദര്‍ശനം അത്യാവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it