യൂറോ വേണ്ട "യുപിഐ" മതി, ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം

റൂപെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും താമസിയാതെ യൂറോപ്പിലെത്തും

യൂറോപ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുപിഐയിലൂടെ ഇടപാടുകള്‍ നടത്താന്‍ അവസരം ഒരുക്കി കേന്ദ്ര സർക്കാർ. യൂറോപ്യന്‍ പേയ്‌മെന്റ് സേവനദാതാക്കളായ വേള്‍ഡ്‌ലൈനുമായി (Worldline) ഇതു സംബന്ധിച്ച കരാറില്‍ എന്‍ഐപിഎല്‍ (NPCL International Payments Ltd) ഒപ്പിട്ടു. എന്‍പിസിഐയുടെ (National Payment Corporation of India) സഹസ്ഥാപനം ആണ് എന്‍ഐപിഎല്‍.

വേള്‍ഡ്‌ലൈന്റെ ക്യൂആര്‍ കോഡ് വഴി യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് അവതരിപ്പിക്കുന്നത്. യുപിഐ ആപ്പ് ഉപയോഗിച്ച് വേള്‍ഡ്‌ലൈന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. റൂപെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും താമസിയാതെ യൂറോപ്പിലെത്തും. ആദ്യ ഘട്ടത്തില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും എന്‍പിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വേള്‍ഡ്‌ലൈന്‍ ക്യൂആര്‍ വഴി യുപിഐ സേവനം എത്തും.

റൂപെ വഴിയുള്ള ഇടപാടുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പറഞ്ഞിരുന്നു. യുഎസിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസില്‍ യുപിഐ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി, കൂടുതല്‍ രാജ്യങ്ങളിലേക്ക് എങ്ങനെ സേവനം എത്തിക്കാമെന്നാണ് ധനമന്ത്രിയോട് ചോദിച്ചത്.

Related Articles
Next Story
Videos
Share it