ഇന്റര്‍നെറ്റിലാതെ സ്മാര്‍ട്ട്‌ഫോണ്‍ പണമിടപാട്., യുപിഐ ലൈറ്റ് ഉടനെത്തും

ഇന്റര്‍നെറ്റ് ഇല്ലാതെ സ്മാര്‍ട്ട്‌ഫോണിലൂടെ പണമിടപാട് സാധ്യമാവുന്ന യുപിഐ വാലറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). യുപിഐ ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന വാലറ്റ് ആദ്യം പരീക്ഷണാര്‍ത്ഥമാവും അവതരിപ്പിക്കുക.

വിവിധ ബാങ്കുകളും ആപ്പുകളുമായി ചേര്‍ന്ന് സേവനം അവതരിപ്പിക്കുമെന്നാണ് മാര്‍ച്ച് 16ന് എന്‍പിസിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രണ്ട് ഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന യുപിഐ ലൈറ്റ് ജൂണ്‍ അവസാനത്തോടെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനായേക്കും.
200 രൂപ വരെയുള്ള ഇടപാടുകള്‍
2000 രൂപ വരെ സൂക്ഷിക്കാന്‍ സാധിക്കുന്ന പ്രീപെയ്ഡ് ഇ-വാലറ്റായിരിക്കും യുപിഐ ലൈറ്റ്. ഒരു സമയം പരമാവധി 200 രൂപയുടെ ഇടപാടാണ് യുപിഐ ലൈറ്റിലൂടെ നടത്താന്‍ സാധിക്കുക. പണം തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വാലറ്റിലേക്ക് മാറ്റാവുന്നതാണ്. ആദ്യഘട്ടത്തില്‍ പണം അയക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യം ഉണ്ടാവില്ല. എന്നാല്‍ നല്‍കുന്ന ആളുടെ അ്ക്കൗണ്ടിലേക്ക് പണം എത്താന്‍ ഇന്റര്‍നെറ്റ് ആവശ്യമായിരിക്കും. അടുത്ത ഘട്ടത്തില്‍ യുപിഐ ലൈറ്റ് പൂര്‍ണമായും ഓഫ്‌ലൈനിലേക്ക് മാറും.
എന്‍പിസിഐയുടെ കണക്കു പ്രകാരം രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകളുടെ 75 ശതമാനവും 100 രൂപയ്ക്ക് താഴെയുള്ള തുകകളുടേതാണ്. ഇതുപരിഗണിച്ചാണ് 200 രൂപ പരിധി നിശ്ചയിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും യുപിഐ ഇടപാടുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍പിസിഐ പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ മാസം ആദ്യം ഫീച്ചര്‍ ഫോണുകള്‍ക്കായി യുപിഐ 123 എന്ന പേരില്‍ ഓഫ്‌ലൈന്‍ പണമിടപാട് സേവനം എന്‍പിസിഐ അവതരിപ്പിച്ചിരുന്നു. വരുന്ന 3-5 വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം.


Related Articles
Next Story
Videos
Share it