പ്രവാസികള്‍ പൊളിയാണ്; ബാങ്ക് നിക്ഷേപത്തില്‍ കുത്തനെ വളര്‍ച്ച
പ്രവാസി ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തെ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം അതിവേഗം വര്‍ധിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കണക്കനുസരിച്ച് രാജ്യത്തെ വിവിധ എന്‍.ആര്‍.ഐ അക്കൗണ്ടുകളിലായി എത്തിയ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 395 കോടി ഡോളറാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 221 കോടി ഡോളറായിരുന്നു ഇന്ത്യന്‍ പ്രവാസികളുടെ ബാങ്ക് നിക്ഷേപം. ഇതോടെ ഇന്ത്യയിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപമായി നിലവില്‍ ഏതാണ്ട് 16,000 കോടി ഡോളറുണ്ടെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്.
നിക്ഷേപമേറെയും വിദേശ കറന്‍സിയില്‍
മൂന്നു തരം അക്കൗണ്ടുകളിലെ കണക്കുകളാണ് റിസര്‍വ്വ് ബാങ്ക് വെളിപ്പെടുത്തിയത്. വിദേശ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ സൗകര്യമുള്ള എഫ്.സി.എന്‍.ആര്‍, വിദേശത്ത് നിന്ന് പണമയക്കാവുന്ന എന്‍.ആര്‍.ഇ, വിദേശത്ത് താമസിക്കുന്നവര്‍ക്ക് നാട്ടില്‍ നിന്നും ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന എന്‍.ആര്‍.ഒ അക്കൗണ്ടുകളാണിവ. ഇവയില്‍ എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകളിലാണ് കൂടുതല്‍ നിക്ഷേപമെത്തിയിട്ടുള്ളത്. 168 കോടി ഡോളര്‍ ഇത്തരം അക്കൗണ്ടുകളില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇത് 112 കോടിയായിരുന്നു. ഡോളര്‍ ഉള്‍പ്പടെയുള്ള വിദേശ കറന്‍സികളില്‍ നടത്താവുന്ന ഈ നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയാണ് കാലാവധി. കറന്‍സി മൂല്യത്തിന്റെ ചാഞ്ചാട്ടങ്ങളില്‍ ഇത് സുരക്ഷിതവുമാണ്. എന്‍.ആര്‍.ഇ അക്കൗണ്ടുകളില്‍ ഈ വര്‍ഷം 153 കോടി ഡോളറാണ് നിക്ഷേപമായി മാറിയത്. കഴിഞ്ഞ വര്‍ഷം ഇത് 50 കോടിയില്‍ താഴെയായിരുന്നു. നിലവില്‍ എന്‍.ആര്‍.ഒ അക്കൗണ്ടുകളിൽ എത്തിയത് 75 കോടി ഡോളറുമാണ്.