Begin typing your search above and press return to search.
പ്രവാസി നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി ഇരട്ടി പലിശ, കര്‍ഷകര്‍ക്കും നേട്ടം
അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമായ പ്രഖ്യാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പുതിയ പണനയ പ്രഖ്യാപനത്തിലുണ്ട്.
വിദേശ ഇന്ത്യക്കാര്‍ക്ക് വിദേശ കറന്‍സിയില്‍ ആരംഭിക്കാവുന്ന ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (FCNR) ബാങ്ക് അക്കൗണ്ടിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തി.
ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഓവര്‍നൈറ്റ് ആള്‍ട്ടര്‍നേറ്റീവ് റഫറന്‍സ് റേറ്റിനേക്കാള്‍ (ARR) നാല് ശതമാനം വരെ അധികം പലിശ നല്‍കാന്‍ ഇനി ബാങ്കുകള്‍ക്ക് സാധിക്കും. മുന്‍പ് ഇത് എ.ആര്‍.ആറിനേക്കാള്‍ രണ്ട് ശതമാനം മാത്രമായിരുന്നു.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള എഫ്.സി.എന്‍.ആര്‍ (ബി) അക്കൗണ്ടുകളുടെ നിരക്ക് എ.ആര്‍.ആറിനേക്കാള്‍ മൂന്ന് ശതമാനമെന്നത് അഞ്ച് ശതമാനം വരെയും ഉയര്‍ത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്കുകള്‍ ബാധകം.
നിക്ഷേപം കൂടും
ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് വഴി ബാങ്കുകള്‍ക്ക് കൂടുതല്‍ വിദേശ കറന്‍സി നിക്ഷപം ആകര്‍ഷിക്കാനാകും. രൂപയെ ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ആഗോള അനിശ്ചിതാവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണിത്.
പ്രമുഖ കറന്‍സികളായ അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍, ജാപ്പനീസ് യെന്‍, യൂറോ, സിംഗപ്പൂര്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക് എന്നീ കറന്‍സികളിലൊക്കെ വിദേശ ഇന്ത്യക്കാര്‍ക്ക് ഈ അക്കൗണ്ട് വഴി നിക്ഷേപിക്കാം.
വിദേശ കറന്‍സിയിലാണ് നിക്ഷേപമെന്നതിനാല്‍ വിവിധ കറന്‍സികളില്‍ ഉണ്ടാകുന്ന മൂല്യശോഷണത്തില്‍ നിന്നും രക്ഷനേടാനാകുന്നു. പലിശ ലഭിക്കുന്നതും അതേ വിദേശ കറന്‍സിയില്‍ തന്നെയാണ്. അതുകൊണ്ട് ഈ കറന്‍സിക്ക് വിപണിയിലുണ്ടാകുന്ന വില വ്യതിയാനമൊന്നും ഈ നിക്ഷേപത്തെ ബാധിക്കില്ല.
കര്‍ഷകര്‍ക്ക് 2 ലക്ഷം വരെ ഈടില്ല വായ്പ
ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട് റിസര്‍വ് ബാങ്ക്. 2019 ന് ശേഷം ആദ്യമായാണ് ഈട് രഹിത കാര്‍ഷിക വായ്പകളുടെ പരിധി ഉയര്‍ത്തുന്നത്. കാര്‍ഷികോപാദന ചെലവിലുണ്ടായ വര്‍ധന, പണപ്പെരുപ്പം എന്നിവ കണക്കെലെടുത്താണ് റിസര്‍വ് പരിധി കൂട്ടിയത്. ചെറുകിട കര്‍ഷകര്‍ക്ക് വായ്പാ ലഭ്യത കൂട്ടാന്‍ ഇതിടയാക്കുമെന്നാണ് പ്രതീക്ഷയെന്ന് റിസര്‍വ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
Next Story
Videos