20 ലക്ഷം രൂപയ്ക്ക് മേലുള്ള ഇടപാടുകള്‍ക്ക് പാന്‍, ആധാര്‍ നിര്‍ബന്ധം
പാൻ ആധാർ കൈവശമില്ലാത്തവർക്ക് വലിയ ബാങ്ക് ഇടപാടുകൾ ഇനി പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിൻവലിക്കലിനും പാൻ, ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്രസർക്കാർ.
പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തിറക്കി. ഉയർന്ന തുകയ്ക്ക് ഇപ്പോൾ തന്നെ ബാങ്കുകൾ പാൻ കാർഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതൽ ആധാറോ പാൻ കാർഡോ ഇല്ലാതെ ഇടപാടുകൾ നടന്നാൽ ബാങ്കുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകും.
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ ഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ അക്കൗണ്ടുകളിൽനിന്ന് 20 ലക്ഷത്തിൽ കൂടുതൽ തുക പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ, ആധാർ വിവരങ്ങൾ സമർപ്പിക്കണം.
കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകൾ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിനോ ഡയറക്ടർ ജനറലിനോ സമർപ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ ഇടപാടുകൾക്ക് അനുമതി ലഭിക്കില്ല.