പേടിഎം പുതിയ നേട്ടം കൈവരിച്ചു, ഒറ്റ പാദത്തില്‍ നല്‍കിയ വായ്പകളില്‍ 779 ശതമാനം വര്‍ധനവ്

മൊബൈല്‍ പേയ്മെന്റ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ പേടിഎം 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (Q1FY23) 8.5 ദശലക്ഷം വായ്പകള്‍ നല്‍കി പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി. ഒറ്റ പാദത്തില്‍ ഇതുവരെ കൈവരിച്ച വായ്പകളുടെ എണ്ണത്തില്‍ 779 ശതമാനമാണ് വര്‍ധനവ്.

തിങ്കളാഴ്ച, ഈ പാദത്തിലെ പ്രതിമാസ ബിസിനസ് പ്രവര്‍ത്തന പ്രകടന അപ്ഡേറ്റ് പ്രഖ്യാപിച്ചപ്പോള്‍ പേടിഎം വഴിയുള്ള ധന വിതരണം പ്ലാറ്റ്ഫോമില്‍ വാര്‍ഷിക റണ്‍ റേറ്റായ 24,000 കോടി കടന്നതായി കമ്പനി വെളിപ്പെടുത്തി. ഐസിഐസിഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴിയാണ് വിജയ് ശേഖര്‍ ശര്‍മയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഉപഭോക്താക്കള്‍ക്ക് വായ്പയെത്തിച്ചത്.
പേടിഎം വഴിയുള്ള ലോണുകളുടെ എണ്ണമുയര്‍ന്നപ്പോള്‍ 60 ശതമാനത്തോളം ബൈ നൗ പേ ലേറ്റര്‍- Buy Now Pay Later' (BNPL) വഴി ഉള്ളതാണെന്നാണ് സത്യം. മറ്റ് ആപ്പുകളുമായി ചേര്‍ന്ന് പേടിഎം വഴി ക്യാഷ് ബാക്കും അത് പോലെതന്നെ ഓഫറുകളും കമ്പനി ഉയര്‍ത്തിയിരുന്നു. യുവാക്കളെ ഏറെ ആകര്‍ഷിക്കുന്ന ഗാഡ്ജറ്റ്, ഷോപ്പിംഗ് ഉപയോഗങ്ങള്‍ക്ക് പേടിഎം ക്രെഡിറ്റ് ഫെസിലിറ്റിയും ഉയര്‍ത്തിയിട്ടുണ്ട്.
പേടിഎം ഉടമസ്ഥതയിലുള്ള വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കമ്പനിയുടെ സൂപ്പര്‍-ആപ്പ് ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന വരുമാനമായ 76 ദശലക്ഷത്തിലുമെത്തിയതായാണ് കണക്കുകള്‍. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ പേടിഎം ഓഹരികളും ഇന്നലെ (ജൂലൈ 11 ന്) പച്ചയിലെത്തി. എന്നാല്‍ ജൂലൈ 12 ചൊവ്വാഴ്ച ഓഹരികള്‍ വീണ്ടും ഇടിഞ്ഞു.


Related Articles
Next Story
Videos
Share it