ഈ ചെറു സമ്പാദ്യ പദ്ധതികളിൽ മിനിമം ബാലൻസില്ലേ? 'പണി' കിട്ടുമെന്ന് കേന്ദ്രം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ), നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍.പി.എസ്) എന്നിവയിലെ നിക്ഷേപകര്‍ എല്ലാ സാമ്പത്തിക വര്‍ഷവും അവരുടെ അക്കൗണ്ടുകളില്‍ മിനിമം തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം.

ഈ അക്കൗണ്ടുകള്‍ സജീവമായിരിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക നിക്ഷേപം നടത്തണമെന്ന നിയമം പാലിച്ചിരിക്കണം. നിയമലംഘനമുണ്ടായാല്‍ അക്കൗണ്ട് മരവിപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്യും. നടപ്പ് സാമ്പത്തിക വര്‍ഷം ഇത്തരം അക്കൗണ്ടുകളില്‍ മിനിമം നിക്ഷേപം നടത്താനുള്ള അവസാന തീയതി 2024 മാര്‍ച്ച് 31 ആണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഈ മിനിമം തുക അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും. ഈ അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ വായ്പയെടുക്കാനോ പണം പിന്‍വലിക്കാനോ കഴിയില്ല. മൂന്നാം വര്‍ഷം മുതല്‍ വായ്പാ സൗകര്യം നല്‍കുന്ന ഒന്നാണ് പി.പി.എഫ് അക്കൗണ്ട്. ആറാം വര്‍ഷം മുതല്‍ പണം പിന്‍വലിക്കാനും കഴിയും.

പെണ്‍മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ പഠനം, വിവാഹം എന്നിവയ്ക്കൊക്കെയായി വലിയൊരു തുക ഭാവിയിലേക്ക് കരുതി വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ അക്കൗണ്ടില്‍ എല്ലാ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. 15 വര്‍ഷമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപം നടത്താനാകുക.പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it