മൂന്ന് ലക്ഷം കോടി കടന്ന് ബാങ്കുകളുടെ വർഷിക ലാഭം; അനുമോദിച്ച് പ്രധാനമന്ത്രി

രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) കാഴ്ചവച്ചത് പൊതുമേഖലാ ബാങ്കുകളെ മറികടക്കുന്ന പ്രകടനം. മണികണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ നേടിയ ലാഭം (Net Profit) 1.41 ലക്ഷം കോടി രൂപയാണ്. അതേസമയം സ്വകാര്യ ബാങ്കുകള്‍ നേടിയതാകട്ടെ 1.78 ലക്ഷം കൂടി രൂപയുടെ ലാഭവും.

ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ സംയുക്ത ലാഭം മൂന്ന് ലക്ഷം കോടി രൂപ കവിഞ്ഞു. ആദ്യമായാണ് ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭം എന്ന നാഴികക്കല്ല് പിന്നിടുന്നത്.
26 സ്വകാര്യ ബാങ്കുകളും 12 പൊതുമേഖലാ ബാങ്കുകളും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.

അനുമോദിച്ച് നരേന്ദ്രമോദി
ബാങ്കിംഗ് മേഖല കൈവരിച്ച ഈ സുപ്രധാന നേട്ടത്തെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എക്‌സില്‍ (ട്വിറ്റര്‍) കുറിപ്പിട്ടു. ''കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് രംഗത്തുണ്ടായ കുതിച്ചു ചാട്ടത്തിന്റെ ഫലമായി ആദ്യമായി ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭത്തിലേക്ക് എത്തിയിരിക്കുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഫോണ്‍ ബാങ്കിംഗ് പോളിസിയുടെ ഫലമായി രാജ്യത്തെ ബാങ്കുകള്‍ നഷ്ടത്താലും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികളാലും വലയുകയായിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ബാങ്കുകളുടെ വാതിലുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെട്ടതോടെ പാവപ്പെട്ടവര്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊക്കെ വായ്പ കൂടുതലായി ലഭ്യമാകാന്‍ തുടങ്ങി. ഒരിക്കല്‍ നഷ്ടത്തിലായിരുന്ന ബാങ്കുകള്‍ ലാഭത്തിലേക്ക് വഴിമാറുകയും വായ്പകളില്‍ റെക്കോഡ് വളര്‍ച്ചയുണ്ടാകുകയും ചെയ്തു.''- പ്രധാനമന്ത്രി കുറിച്ചു.
ബാങ്കുകളുടെ കിട്ടാക്കടം 2018ല്‍ 11.25 ശതമാനമായിരുന്നത് 2023ല്‍ മൂന്ന് ശതമാനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായ്പ വളര്‍ച്ച മെച്ചപ്പെട്ടു
ബാങ്കുകളുടെ ലാഭം കൂടാന്‍ മുഖ്യമായും സഹായകമായത് ഉയര്‍ന്ന വായ്പ വളര്‍ച്ചയാണ്. ഇതുവഴി അറ്റ പലിശ വരുമാനം കൂടി. മാത്രമല്ല ബാങ്കുകള്‍ക്ക് അവരുടെ ആസ്തി നിലവാരം മെച്ചമായ നിലയില്‍ സൂക്ഷിക്കാനുമായി.
മുന്‍വര്‍ഷവുമായി നോക്കുമ്പോള്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭം 41 ശതമാനവും പൊതുമേഖല ബാങ്കുകളുടേത് 35 ശതമാനവും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 60,812 കോടി രൂപയായിരുന്നു ലാഭം. പൊതുമേഖല ബാങ്കുകളില്‍ 61,076 കോടി രൂപ ലാഭം രേഖപ്പെടുത്തിയ എസ്.ബി.ഐയാണ് മുന്നില്‍. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ലാഭത്തില്‍ പിന്നിലുള്ളത്.
സ്വകാര്യ ബാങ്കുകുളില്‍ എ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കൂടുതല്‍ ലാഭം നേടിയത്.

Related Articles

Next Story

Videos

Share it