പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് ഇനി 500 രൂപ മിനിമം ബാലന്‍സ്

സാധാരണക്കാരുടെ വിശ്വസ്ത നിക്ഷേപ പദ്ധതിയാണ് എന്നും പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. നേരത്തെ അറിയിച്ചത് പോലെ ഈ മാസം 12 മുതല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 50 രൂപയില്‍ നിന്ന് 500 എന്നത് പ്രാബല്യത്തില്‍ വരും. നിലവില്‍ മിനിമം ബാലന്‍സ് 500 രൂപയില്‍ താഴെയുള്ള എല്ലാ അക്കൗണ്ട് ഉടമകളും 11 ന് മുന്‍പായി ഇത് 500 രൂപയെങ്കിലുമാക്കിയിരിക്കണം. അല്ലാത്ത പക്ഷം അത്തരത്തിലുള്ള അക്കൗണ്ട് ഉടമകളില്‍ നിന്നും ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാന പ്രവൃത്തി ദിവസത്തില്‍ മെയിന്റ്‌നന്‍സ് ഫീസായി 100 രൂപയും നികുതിയും കുറയ്ക്കുവാന്‍ ആണ് പുതിയ തീരുമാനം.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമിനു കീഴില്‍ ഒമ്പതോളം വിവിധ തരം നിക്ഷേപ മാര്‍ഗങ്ങളാണുള്ളത്. ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളില്‍ ചെറിയ രീതിയില്‍ തന്നെ നിക്ഷേപിച്ച് ഭാവിയില്‍ മികച്ച റിട്ടേണ്‍ ഉറപ്പാക്കാം. വ്യത്യസ്ത നിക്ഷേപ പദ്ധതികളും ഇപ്പോഴുള്ള പലിശ നിരക്കും നേട്ടങ്ങളും പരിശോധിക്കാം.


1. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഡിസംബര്‍ 12, 2020 മുതല്‍ മിനിമം ബാലന്‍സ് 500 രൂപ സൂക്ഷിക്കേണ്ടതാണ്. വാര്‍ഷിക പലിശ- 4%.

2. ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്: ബാങ്ക് എഫ്.ഡിക്ക് സമാനമായ അക്കൗണ്ടാണിത്. ഒന്നുമുതല്‍ അഞ്ച് വര്‍ഷക്കാലാവധികളില്‍ വരെ നിക്ഷേപിക്കാം. മൂന്നുവര്‍ഷം വരെയുള്ള അക്കൗണ്ടിന് 5.5% പലിശയും അഞ്ചുവര്‍ഷത്തിന് 6.7% ശതമാനം പലിശയും ലഭിക്കും.

3. ആര്‍.ഡി: അഞ്ചു വര്‍ഷത്തേക്കുള്ള ഈ റിക്കറിംഗ് ഡെപ്പോസിറ്റില്‍ പ്രതിമാസം ചെറിയ തുകവീതം ഇതില്‍ നിക്ഷേപിക്കാം. പലിശ 5.8%.

4. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം: മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ രാജ്യത്ത് ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ മികച്ച ഒന്നാണിത്. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് 15 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ നിക്ഷേപിക്കാം. വാര്‍ഷിക പലിശ 7.4% ലഭിക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കപ്പെടുന്ന തുക ആദ്യ അഞ്ചുവര്‍ഷം നിക്ഷേപം പിന്‍വലിക്കാനാവില്ല.

5. മന്ത്‌ലി ഇന്‍കം സ്‌കീം : ഒരാള്‍ക്ക് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടായി 9 ലക്ഷം രൂപയും പരമാവധി നിക്ഷേപിക്കാവുന്ന സ്‌കീമാണ് പ്രതിമാസ വരുമാന സ്‌കീം അഥവാ എം.ഐ.എസ്. പലിശ 6.6 % വരെ ലഭിക്കുന്നു എന്നതിനാല്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് തുടങ്ങാനാകുന്ന മികച്ച നിക്ഷേപ സ്‌കീമാണിത്.

6. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് : അഞ്ചുവര്‍ഷക്കാലാവധിയില്‍ നിക്ഷേപം നടത്താവുന്ന പദ്ധതി. പലിശ 6.8 %.

7. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): ടാക്സ് സേവിംഗ്സ് സ്‌കീമായ പി.പി.എഫില്‍ 15 വര്‍ഷ മെച്യൂരിറ്റി കാലാവധിയില്‍ നിക്ഷേപം നടത്താം. അഞ്ചുവര്‍ഷത്തിന് ശേഷം പണം പാതി പിന്‍വലിക്കാം. മിനിമം 500 രൂപ. 7.1 % പലിശ ലഭിക്കും.

8. കിസാന്‍ വികാസ് പത്ര : 124 മാസ മെച്യൂരിറ്റിയുള്ള നിക്ഷേപ സ്‌കീമാണിത്. പലിശനിരക്ക് 6.9%.

9. സുകന്യ സമൃദ്ധി യോജന : പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കീമായ ഇതിന് 7.2 ശതമാനമാണ് വാര്‍ഷിക പലിശ. ഒരു കുടുംബത്തിന് പരമാവധി രണ്ട് അക്കൗണ്ടുകള്‍ കഴിയും. മകള്‍ക്ക് 21 വയസാകുമ്പോള്‍ മെച്യൂരിറ്റി തുക തിരികെ ലഭിക്കുന്നതാണ് പദ്ധതി.

Related Articles
Next Story
Videos
Share it