കേന്ദ്രത്തിന് ഇരട്ടിമധുരം! പൊതുമേഖലാ ബാങ്കുകളുടെ ലാഭവിഹിതം 15,000 കോടി കടന്ന് ഡബിള്‍ സ്‌ട്രോങ്ങ്!

നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി കേന്ദ്രസര്‍ക്കാരിന്റെ കീശയിലേക്ക് എത്തുന്ന ലാഭവിഹിതം 15,000 കോടിയിലധികം രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 13,804 കോടി രൂപയായിരുന്നു ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം. 2021-22ലെ 8,718 കോടി രൂപയേക്കാള്‍ 58 ശതമാനം അധികം.
നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ മികച്ച ലാഭമാണ് ആദ്യ മൂന്ന് ത്രൈമാസക്കാലത്ത് സ്വന്തമാക്കിയിട്ടുള്ളത്. ഇതാണ് ലാഭവിഹിതം കൂടാനും വഴിയൊരുക്കുന്നത്.
12 ബാങ്കുകള്‍, ലാഭം ലക്ഷം കോടി!
പൊതുമേഖലയില്‍ 12 ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. 2022-23ല്‍ 1.05 ലക്ഷം കോടി രൂപയായിരുന്നു ഇവയുടെ മൊത്ത ലാഭം. 2021-22ലെ 65,540 കോടി രൂപയില്‍ നിന്നാണ് കുതിപ്പ്.
നടപ്പുവര്‍ഷം (2023-24) ആദ്യ 9 മാസക്കാലയളവില്‍ തന്നെ ലാഭം 98,000 കോടി രൂപ കവിഞ്ഞിട്ടുണ്ട്. മാര്‍ച്ചുപാദം കൂടി കഴിയുമ്പോഴേക്കും 2022-23ലെ ലാഭത്തെ മറികടന്ന് റെക്കോഡ് നേട്ടം ബാങ്കുകള്‍ കുറിച്ചേക്കും. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 7 ശതമാനമോ അതിന് താഴെയോ ഉള്ള ബാങ്കുകള്‍ മാത്രമേ ലാഭവിഹിതം പ്രഖ്യാപിക്കാവൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. അടുത്ത സാമ്പത്തിക വര്‍ഷം (2024-25) മുതല്‍ പരിധി 6 ശതമാനം വരെയാക്കും. കുറഞ്ഞത് 11.5 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും (CAR) ഉണ്ടെങ്കിലേ ലാഭവിഹിതം പ്രഖ്യാപിക്കാവൂ.
കേന്ദ്രത്തിന് ഇരട്ടിമധുരം
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമായി നടപ്പുവര്‍ഷം കേന്ദ്രം ആകെ 65,000 കോടി രൂപയെങ്കിലും ലാഭവിഹിതമായി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് പൊതുമേഖലാ ബാങ്കുകളും മികച്ച പ്രകടനം കാഴ്ചവച്ച് ഉയര്‍ന്ന ലാഭവിഹിതം സമ്മാനിക്കുന്നത്.
പൊതുമേഖലയില്‍ നിന്നുള്ള ലാഭവിഹിതമായി നടപ്പുവര്‍ഷം ആദ്യം കേന്ദ്രം പ്രതീക്ഷിച്ചിരുന്നത് 43,000 കോടി രൂപയായിരുന്നു. കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ലക്ഷ്യം പിന്നീട് 50,000 കോടി രൂപയായി ഉയര്‍ത്തി.
എന്നാല്‍, നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെയുള്ള കണക്കുപ്രകാരം മാത്രം കേന്ദ്രത്തിന് 61,149 കോടി രൂപ ലഭിച്ചുകഴിഞ്ഞു. ഇതിനിടെയാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതവും കൂടുമെന്ന റിപ്പോര്‍ട്ടുകള്‍.
Related Articles
Next Story
Videos
Share it