ഒടുവില്‍ യൂണിയനും സമ്മതം; ബാങ്ക് ജീവനക്കാരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ കൂടും

എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ജീവനക്കാരുടെ സംഘടനകളും ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (IBA) തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രവും ഇരുകൂട്ടരും ഒപ്പിട്ടു.

2022 നവംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന നടപ്പാക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. അതായത്, ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തെ ശമ്പള വര്‍ധന കുടിശികയും ലഭിക്കും. ശമ്പള വര്‍ധന പ്രഖ്യാപിച്ചതിലൂടെ ബാങ്കുകള്‍ അധികമായി ജീവനക്കാര്‍ക്ക് നല്‍കേണ്ടി വരിക 12,449 കോടി രൂപയാണ്.
ജോലി ആഴ്ചയില്‍ 5 ദിവസം
എല്ലാ ശനിയാഴ്ചകളും അവധി ദിവസമാക്കണമെന്ന് ചര്‍ച്ചയില്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാമെന്ന് ഐ.ബി.എ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ ജീവനക്കാര്‍ക്ക് 15 ശതമാനം വേതന വര്‍ധന നല്‍കാമെന്ന് ഐ.ബി.എ വ്യക്തമാക്കിയിരുന്നു. ഇതിനെ യൂണിയനുകള്‍ എതിര്‍ക്കുകയായിരുന്നു. ഒട്ടുമിക്ക ബാങ്കുകളും ഇപ്പോള്‍ ലാഭപാതയിലാണെന്നും ഈ നേട്ടത്തിന് കാരണക്കാരായ ജീവനക്കാര്‍ക്ക് ആനുപാതിക ശമ്പള വര്‍ധന വേണമെന്നുമായിരുന്നു യൂണിയനുകളുടെ ആവശ്യം. തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടന്നതും 17 ശതമാനം വേതന വര്‍ധന തീരുമാനിച്ചതും.
2022 ഒക്ടോബര്‍ 31 മുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന മുന്‍ ജീവനക്കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒരുമാസ എക്‌സ്-ഗ്രാഷ്യ നല്‍കാനും തീരുമാനമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും.
സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കര്‍ണാടക ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ മേധാവികളും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ യൂണിയനുകളുടെ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it