പണമിടപാടിന് കാര്‍ഡിനേക്കാള്‍ പ്രിയം ക്യൂ ആര്‍ കോഡിന്‌

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2016 നവംബറിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ 1,000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് ക്യാഷ്‌ലെസ്സ് ഇടപാടുകളെ കുറിച്ചുള്ള വർത്തമാനങ്ങൾ സജീവമായത്. ക്യാഷ്‌ലെസ്സ് സംവിധാനങ്ങളുടെ മേന്മകളെ പറ്റിയുള്ള വശ്യമായ വിവരണങ്ങൾ വരുന്നതിനു പിന്നാലെ നാട്ടുംപുറമ്പത്തെ പെട്ടിക്കടകളിൽ പോലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ദൃശ്യമായി. കാർഡ് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പോയിന്റ് ഓഫ് സെയിൽസ് ഉപകരണങ്ങൾ ആയിരിന്നു ഇതിൽ മുന്നിട്ടു നിന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഗണ്യമായി കുറഞ്ഞു എന്നാണ് ഏറ്റവും പുതിയ വിവരം.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പണമിടപാടുകളിൽ വലിയ വർദ്ധനവുണ്ടായെങ്കിലും ബിസിനസ് കാർഡ് ഉപയോഗത്തിലെ ഗണ്യമായ കുറവ് ചെറുകിട വ്യവസായങ്ങളെയും ബിസിനസ് കാർഡ് മേഖലയെയും ബാങ്കുകളെയും ആശങ്കയിലാക്കുന്നു. ഇടപാടുകാർ കൂട്ടത്തോടെ ക്യുആർ കോഡ് വഴി യുപിഐ അടിസ്ഥാനത്തലുള്ള ഇടപാടുകളിലേക്ക് മാറിയതാണ് പ്രധാനകാരണം.രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന 5.7 ദശലക്ഷം പിഒഎസ് (പോയിൻറ് ഓഫ് സെയിൽ) മെഷീനുകളിൽ 30% മെഷീനുകൾ ഉപയോഗിക്കാതിരിക്കുകയോ ബാങ്കുകൾ മടക്കി നൽകുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഇതോടെ ഏകദേശം 1.7 ദശലക്ഷം മെഷീനുകൾ വഴിയുള്ള കാർഡ് ഇടപാടുകളാണ് നിലച്ചത്, ദ കേപ്പബിൾ എന്ന പ്രസിദ്ധീകരണം ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തി.

രാജ്യത്ത് കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ക്യു ആർ കോഡ് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളിൽ സർവീസ് ചാർജ് ഇല്ലാത്തതും ബിസിനസ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഭക്ഷണപാനീയങ്ങൾ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ മഹാമാരി സ്തംഭിപ്പിച്ചിരുന്നു. ഈ മേഖലകളിലെ നിരവധി വ്യവസായങ്ങൾ അടച്ചുപൂട്ടി. വലിയൊരു ശതമാനം പണമിടപാടുകൾക്ക് ബിസിനസ് കാർഡ് ഉപയോഗിക്കുന്ന വ്യവസായങ്ങളായിരുന്നു ഇവ.
.
ലോക്ക്ഡൗൺ സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടതോടെ പിഒഎസ് മെഷീനുകളുടെ സർവീസ് ചാർജ് ഒഴിവാക്കുന്നതിനായി നിരവധി വ്യാപാരികൾ മെഷീനുകൾ ബാങ്കുകൾക്ക് മടക്കിനൽകി. സാധാരണഗതിയിൽ ഒരു നഗര പ്രദേശത്തെ വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പിഒഎസ് മെഷീനുകൾക്ക് പേപ്പർ റോളുകൾ, ഡാറ്റാ സേവന നിരക്കുകൾ എന്നിവയ്ക്കായി 150 രൂപ മാസം ചെലവ് വരും. യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഈ ചെലവുകൾ ബാധകമല്ല.

ലോക്ഡൗൺ സമയത്ത് അപ്പാർട്ട്മെൻറ്കളിലേക്കും വീടുകളിലേക്കുമുള്ള ഹോം ഡെലിവറി സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതോടെ ഈ രംഗത്ത് ഉപയോഗിച്ചിരുന്ന പിഒഎസ് മെഷീനുകളിൽ 35 ശതമാനവും ഉപയോഗശൂന്യമായി. മിക്ക കമ്പനികളുടെയും പിഒഎസ് മെഷീനുകളും 90 ദിവസത്തിൽ ഒരിക്കൽ പോലും ഉപയോഗിച്ചില്ലെങ്കിൽ അത് പ്രവർത്തനരഹിതമായി കണക്കാക്കും എന്നതാണ് ഇതിന് കാരണം.കൂടാതെ ഇകോമേഴ്സ് കമ്പനികൾ ഡെലിവറി സമയത്ത് പണം നൽകുന്ന രീതിയേക്കാൾ, ഓൺലൈൻ വഴി മുൻകൂട്ടി പണം അടയ്ക്കുന്നതിന് പ്രോത്സാഹനം നൽകിയതും ഉപഭോക്താക്കളെ ബിസിനസ് കാർഡുകളിൽ നിന്നും അകറ്റി. ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു.

പ്രവർത്തനം നിലച്ച പിഒഎസ് മെഷീനുകൾ വഴിയുണ്ടാകുന്ന നഷ്ടം ബാങ്കുകളെയും കാർഡ് കമ്പനികളെയും ആശങ്കയിലാക്കുന്നു. ബിസിനസ് കാർഡ് കമ്പനികളായ എം സ്വൈപ്, പൈൻ ലാബ്സ്, ഇന്നോവെറ്റി,ഇസീടാപ് തുടങ്ങിയവർക്കു ബാങ്കുകളിലേക്കും എല്ലാ കാർഡ് വഴിയുള്ള ഇടപാടുകളുടെയും ഒരു പങ്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. സാധാരണഗതിയിൽ ഒരു പുതിയ വ്യാപാരിയെ ബിസിനസ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ സജ്ജമാക്കുന്നതിന് കമ്പനിക്ക് 500 രൂപയോളം ചെലവ് വരും. അടിസ്ഥാന സൗകര്യമൊരുക്കുന്നതും, സെറ്റിൽമെൻ്റിനായുള്ള അക്കൗണ്ടുകൾ ആരംഭിക്കുന്നതും ഇതിലുൾപ്പെടും. ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

റിസർവ് ബാങ്ക് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 700,000 പുതിയ ബിസിനസ് കാർഡ് സംവിധാനങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. അതേസമയം സെപ്തംബർ മുതൽ ഡിസംബർ വരെ മാത്രം 16 ദശലക്ഷം ക്യു ആർ കോഡ് സംവിധാനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്നും ആർബിഐ വെളിപ്പെടുത്തുന്നു.ക്യുആർ കോഡ് ഉപയോഗിച്ചുള്ള ഓൺലൈൻ പണം ഇടപാടുകളുടെ വർദ്ധനവ് നിയന്ത്രിക്കുകയും, ബിസിനസ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി അടുത്ത 3 വർഷത്തിൽ ഓരോ വർഷവും 1 ദശലക്ഷം പുതിയ പിഒഎസ് മെഷീൻ സംവിധാനങ്ങൾ രാജ്യത്ത് പ്രവർത്തന്നം ആരംഭിക്കണമെന്നും ആർബിഐ ആവശ്യപ്പെടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കാർഡ് കമ്പനികളിലൊന്നായ പൈൻ ലാബ്സ്, പിഒഎസ് മെഷീനുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എൻഎഫ്സി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളെ പിഒഎസ് മെഷീനുകളാക്കി മാറ്റി ഉപയോഗിച്ചു തുടങ്ങിയിരുന്നു. മറ്റൊരു ബിസിനസ് കാർഡ് കമ്പനിയായ എംസ്വൈപ്പ് രണ്ടു വർഷത്തിനിടയിൽ ആർബിഎൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ പിഒഎസ് മെഷീനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് വലിയ പിന്തുണ നൽകിയിരുന്നു. വരുമാനം ഉറപ്പാക്കാൻ കാർഡ് വഴിയുള്ള ഇടപാടുകളിൽ മൂല്യവർധിത സേവനങ്ങൾ വിൽക്കാൻ ഇന്നോവിറ്റി എന്ന കമ്പനിയും ശ്രമിക്കുന്നുണ്ട്. ഇതുവഴി വലിയ പണമൊഴുക്ക് ഉണ്ടാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it