കൂടിക്കൂടി... പലിശനിരക്ക്, അടച്ചാലും തീരാതെ ഭവനവായ്പ

രണ്ടുവര്‍ഷം മുമ്പാണ് 40കാരന്‍ രാജേഷ് (പേര് സാങ്കല്പികം) ബാങ്കില്‍ നിന്ന് 20 വര്‍ഷക്കാലാവധിയില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തത്. 6.8 ശതമാനമായിരുന്നു അന്ന് വാര്‍ഷിക പലിശ. പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) 19,083 രൂപ.

രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. കൊവിഡ് കാലത്ത് താഴ്ന്നുനിന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണപരിധിയായ 6 ശതമാനവും കടന്ന് കുതിച്ചുയര്‍ന്നു. ആഗോളതലത്തിലും പണപ്പെരുപ്പം കനത്ത വെല്ലുവിളിയായതോടെ നിയന്ത്രിക്കാനെന്നോണം ഒട്ടുമിക്ക കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് വന്‍തോതില്‍ ഉയര്‍ത്തിത്തുടങ്ങി.
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കും ഇതേപാതയിലേക്ക് കടന്നു. കൊവിഡ് കാലത്ത് ദശാബ്ദത്തിലെ തന്നെ ഏറ്റവും താഴ്ചയായ 4 ശതമാനത്തിലായിരുന്ന റീപ്പോനിരക്ക് തുടര്‍ച്ചയായി കൂട്ടി റിസര്‍വ് ബാങ്ക് 6.50 ശതമാനമാക്കി. അതോടെ ബാങ്ക് വായ്പകളുടെ പലിശയും കുതിച്ചുയര്‍ന്നു.
ഇരുട്ടടിയായി പലിശവര്‍ദ്ധന
രാജേഷ് വായ്പ എടുത്തത് ഫ്‌ളോട്ടിംഗ് പലിശപ്രകാരമായിരുന്നു. അതായത്, റിസര്‍വ് ബാങ്ക് റീപ്പോനിരക്ക് കൂട്ടിയാല്‍ വായ്പാ പലിശ കൂടും, റീപ്പോ കുറച്ചാല്‍ വായ്പാ പലിശയും ആനുപാതികമായി കുറയും.
2022 മേയ്ക്ക് മുമ്പ് 4 ശതമാനമായിരുന്ന റീപ്പോനിരക്ക് റിസര്‍വ് ബാങ്ക് കുത്തനെ കൂട്ടി 6.50 ശതമാനമാക്കിയതോടെ ഫ്‌ളോട്ടിംഗ് അടിസ്ഥാനമായുള്ള വായ്പകളുടെ പലിശയും ആനുപാതികമായി കൂടി.
രണ്ടുവര്‍ഷം മുമ്പ് രാജേഷ് അടച്ചിരുന്ന പലിശനിരക്ക് 6.8 ശതമാനമായിരുന്നത് ഇപ്പോള്‍ 9.30 ശതമാനമായി. ഇ.എം.ഐ 19,083 രൂപയില്‍ നിന്നുയര്‍ന്ന് 22,978 രൂപയിലുമെത്തി.
കൂടുന്ന ബാദ്ധ്യത
രണ്ടുവര്‍ഷം മുമ്പത്തെ പലിശ പ്രകാരമായിരുന്നെങ്കില്‍ വായ്പാ കാലാവധിയായ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജേഷ് ബാങ്കിലേക്ക് ആകെ തിരിച്ചടച്ചിട്ടുണ്ടാവുക 45.80 ലക്ഷം രൂപയായിരിക്കും. ഇതില്‍ 20.80 ലക്ഷം രൂപ പലിശ മാത്രമാണ്. (20 വര്‍ഷത്തിന് ശേഷം രാജേഷിന്റെ പ്രായം 60).
പുതുക്കിയ പലിശനിരക്ക് പ്രകാരം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ രാജേഷ് ബാങ്കിലേക്ക് ആകെ തിരിച്ചടയ്ക്കുക 55.14 ലക്ഷം രൂപയാണ്. ഇതില്‍ പലിശ 30.14 ലക്ഷം രൂപ.
കാലാവധി കൂട്ടുന്ന ബാങ്കുകള്‍
പലിശനിരക്ക് കൂടുന്നതിന് ആനുപാതികമായി ചില ബാങ്കുകള്‍ ഇ.എം.ഐ കൂട്ടാതെ തന്നെ വായ്പാ തിരിച്ചടവിന്റെ കാലാവധി ഉയര്‍ത്താറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഇടപാടുകാരിന് നേട്ടമായി തോന്നാമെങ്കിലും ദീര്‍ഘകാലത്തില്‍ തിരിച്ചടിയാണെന്ന് കാണാം. ഇവിടെ, വായ്പ എടുക്കുമ്പോള്‍ രാജേഷിന് 40 വയസാണ്. സ്വാഭാവികമായി 60 വയസില്‍ വായ്പ തിരിച്ചടച്ചുകഴിയണം. എന്നാല്‍, പലിശനിരക്ക് കൂട്ടിയതോടെ ഇ.എം.ഐ കൂടി. കാലാവധി കൂടിയില്ല.
പക്ഷേ, ചില ബാങ്കുകള്‍ ഇ.എം.ഐ കൂട്ടാതെ തന്നെ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുകയാണ് ചെയ്യുക. അതായത്, 20 വര്‍ഷത്തെ കാലാവധി 30 വര്‍ഷമാക്കും. ഇതുപ്രകാരമാണെങ്കില്‍ രാജേഷ് വായ്പ തിരിച്ചടച്ച് കഴിയുമ്പോള്‍ പ്രായം 70 ആകും. ആകെയുള്ള നേട്ടം ഇ.എം.ഐ മാറുന്നില്ലെന്നത് മാത്രമാണ്. എന്നാല്‍, പലിശയിനത്തില്‍ ബാങ്കിനാകട്ടെ ലക്ഷങ്ങളുടെ നേട്ടവുമുണ്ടാകും.
ചില വായ്പകളുടെ തിരിച്ചടവ് കാലാവധി 30 വര്‍ഷംവരെയാണ്. ഒട്ടേറെ ബാങ്കുകള്‍ കാലാവധി ദീര്‍ഘിപ്പിച്ച് 55 വര്‍ഷം വരെയുമാക്കാറുണ്ട്. അതായത്, വായ്പ പൂര്‍ണമായി തിരിച്ചടച്ച് കഴിയുമ്പോള്‍ ഇടപാടുകാരന്‍ 80-85 വയസ് പിന്നിട്ടിട്ടുണ്ടാകും.
ബാദ്ധ്യത കുറയ്ക്കാന്‍ എന്ത് ചെയ്യും?
പലിശഭാരം കൂടുന്നത് വായ്പാ ഇടപാടുകാര്‍ക്ക് തിരിച്ചടി തന്നെയാണ്. എന്നാല്‍, ഇ.എം.ഐ ചെറിയതോതിലെങ്കിലും ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാവുക തന്നെയാണ് നല്ലത്. ഇത്, നിശ്ചയിച്ച കാലാവധിക്കകം തന്നെ വായ്പാബാദ്ധ്യതയില്‍ നിന്ന് ഒഴിവാകാന്‍ സഹായിക്കും.
പലിശയ്ക്ക് പുറമേ കൂടുതല്‍ തുക അടയ്ക്കാന്‍ സാധിച്ചാല്‍ ഭാവിയിലെ പലിശബാദ്ധ്യതയും കുറയ്ക്കാനാകും. ഉദാഹരണത്തിന്, ഓണക്കാലത്ത് ഒരുലക്ഷം രൂപ ബോണസ് ലഭിച്ചെന്നിരിക്കട്ടെ, അതില്‍നിന്ന് 75,000 രൂപ വായ്പാ അക്കൗണ്ടിലേക്ക് അടച്ചാല്‍ ആനുപാതികമായി പലിശബാദ്ധ്യത താഴും.
വായ്പയും 'പോർട്ട്' ചെയ്യാം!
നിലവില്‍ 9.3 ശതമാനം പലിശയാണ് ഭവനവായ്പയ്ക്ക് രാജേഷ് അടയ്ക്കുന്നത്. മറ്റൊരു ബാങ്കില്‍ ഇതേ തുകയും കാലാവധിയുമുള്ള ബാങ്കില്‍ പലിശനിരക്ക് 9 ശതമാനമേയുള്ളൂ. മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് പോലെ ഭവന വായ്പയും മാറ്റാം. ഇതിനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്ന് പറയും.
ഇത്തരത്തില്‍ ബാലന്‍സ് ട്രാന്‍സഫര്‍ ചെയ്യുമ്പോള്‍ (പ്രീ-മെച്വേഡ് ക്‌ളോസിംഗ്) നിലവിലെ ബാങ്ക് ചെറിയ പിഴ ഈടാക്കുമെങ്കിലും പുതിയ ബാങ്കില്‍ പലിശ കുറവായതിനാല്‍ തിരിച്ചടിയാവില്ല. മാത്രമല്ല, ഇത്തരത്തില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ഒട്ടുമിക്ക ബാങ്കുകളും പ്രോസസിംഗ് ഫീസിലും പലിശയിലും മികച്ച ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Next Story

Videos

Share it