ഐഡിബിഐ വില്‍പ്പന; ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാം

ഐഡിബിഐ ബാങ്കിന്റെ (IDBI Bank) 40 ശതമാനത്തില്‍ അധികം ഓഹരികള്‍ വാങ്ങാന്‍ സാമ്പത്തികേതര (Non-Financial), നോണ്‍-റെഗുലേറ്റഡ് സ്ഥാപനങ്ങള്‍ക്ക് അര്‍ബിഐ അനുമതി നല്‍കും. കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐയുടെ 51-75 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനം ഓഹരികളും എല്‍ഐസിക്ക് 49.24 ശതമാനം ഓഹരികളുമാണ് ഐഡിബിഐ ബാങ്കില്‍ ഉള്ളത്.

നിലവിലെ നിയമം അനുസരിച്ച് സാമ്പത്തികേതര സ്ഥാപനങ്ങള്‍ക്കും നോണ്‍-റെഗുലേറ്റഡ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകളില്‍ യഥാക്രമം 10 %, 15 % ഓഹരികള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിക്കുക. അതേ സമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും റെഗുലേറ്റഡ് സ്ഥാപനങ്ങള്‍ക്കും 40 ശതമാനം ഓഹരികള്‍ വരെ വാങ്ങാം. 40 ശതമാനത്തിന് മുകളില്‍ ഓഹരികള്‍ വാങ്ങുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഐഡിബിഐ ഓഹരി വില്‍പ്പനയിലേക്ക് കൂടുതല്‍ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയാണ് നിക്ഷേപ പരിധി ഉയര്‍ത്തുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം കേന്ദ്രം ആനുവദിക്കുന്നുണ്ട്. പ്രൊമോട്ടര്‍മാര്‍ എല്‍ഐസി ആയതുകൊണ്ട് തന്നെ ഐഡിബിഐ പരിഗണിക്കപ്പെടുന്നത് സ്വകാര്യ ബാങ്ക് ആയാണ്. ഈ സാഹചര്യത്തില്‍ ആര്‍ബിഐ അനുമതി വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കും. ഐഡിബിഐ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരികളും നിലനിര്‍ത്താനാണ് ആഗ്രഹമെന്ന് എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Videos
Share it