ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ കെ.വി.എസ് മണിയന്‍, റിസര്‍വ് ബാങ്ക് അനുമതി

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ആയി കൃഷ്ണന്‍ വെങ്കട് സുബ്രഹ്‌മണ്യന്‍ എന്ന കെ.വി.എസ് മണിയനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. 2024 സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2010 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി തുടരുന്ന ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബര്‍ 22ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മണിയന്റെ നിയമനം.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന മണിയന്‍ ഇക്കഴിഞ്ഞ ഏപ്രില്‍
30ന് രാജിവച്ചിരുന്നു.
ബാങ്കിലെ മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന കാലയളവില്‍ കോര്‍പ്പറേറ്റ് ബാങ്കിംഗ്, കൊമേഴ്‌സ്യല്‍ ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-വാരാണസി, മുംബൈയിലെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനശേഷമാണ് കെ.വി.എസ് മണിയന്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടുവച്ചത്. കൊട്ടക് മഹീന്ദ്ര ഫിനാന്‍സിന്റെ എന്‍.ബി.എഫ്.സി വിഭാഗത്തില്‍ കരിയര്‍ ആരംഭിച്ച മണിയന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗില്‍ നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്.
നിയമന നാൾവഴികൾ ഇങ്ങനെ

റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം പരമാവധി 15 വര്‍ഷമാണ് ബാങ്ക് എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ കാലാവധി. ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷം കൂടി കൂട്ടി നല്‍കുന്നതിന് ഫെഡറൽ ബാങ്ക് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയത് മൂന്ന് പേരുകളെങ്കിലും ഉള്‍പ്പെടുത്തികൊണ്ട് എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനാര്‍ത്ഥികളുടെ ഒരു പാനല്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് തിരിച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കെ.വി.എസ് മണിയനെ കൂടാതെ ഫെഡറല്‍ ബാങ്കിന്റെ നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാലിനി എസ്.വാര്യര്‍, ഹര്‍ഷ് ദുഗര്‍ എന്നിവരുടെ പേരുകളും ബാങ്ക് നല്‍കിയിരുന്നു. അതിൽ നിന്നാണ് മണിയനെ തിരഞ്ഞെടുത്തത്.

ഓഹരി നേട്ടത്തിൽ
ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചതിനു ശേഷം ഏറെ വൈകിയാണ് റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതിനെ കുറിച്ച് ഫെഡറൽ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് ഫെഡറല്‍ ബാങ്ക് ഓഹരി 0.60 ശതമാനം ഉയര്‍ന്ന് 192.62 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഈ വര്‍ഷം ഇതുവരെ 23 ശതമാനത്തിലധികം നേട്ടമാണ് ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തെ നേട്ടം 10 ശതമാനത്തോളവും. ഇന്നത്തെ ഓഹരി വില പ്രകാരം 47,219 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം.

Related Articles
Next Story
Videos
Share it