ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നിരന്തര വീഴ്ച, എച്ച് ഡി എഫ് സി ബാങ്കിന്റെ ഡിജിറ്റല്‍ ബിസിനസിന് താല്‍ക്കാലിക വിലക്ക്
എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് ബിസിനസിന് താല്‍ക്കാലികമായി റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തി. ബാങ്കിന്റെ ഇന്റര്‍നെറ്റ്, മൊബീല്‍ ബാങ്കിംഗ് സേവനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം തടസ്സം നേരിടുന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ കര്‍ശന നടപടി. ഡിജിറ്റല്‍ ബിസിനസ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന റിസര്‍വ് ബാങ്ക് എച്ച് ഡി എഫ് സി ബാങ്ക് പുതുതായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് വരുന്ന വീഴ്ചകള്‍ എച്ച് ഡി എഫ് സി ബാങ്ക് ഗൗരവമായി പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്ക് നിരീക്ഷിച്ച ഗൗരവമായ വീഴ്ചകള്‍ പരിഹരിക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വിലക്ക് പിന്‍വലിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
തങ്ങളുടെ ഐറ്റി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഒട്ടനവധി കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് എച്ച് ഡി എഫ് സി പറയുന്നത്.
നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ബാധിക്കില്ല
റിസര്‍വ് ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നടപടി നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ ബാങ്കിംഗ് ബിസിനസുകളെ ബാധിക്കില്ല. പുതുതായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും ഡിജിറ്റല്‍ ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ആര്‍ ബി ഐയുടെ വിലക്ക് നീക്കാതെ അതിന് സാധിക്കില്ല.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ല, ഇന്റര്‍നെറ്റ് ബാങ്കിംഗ് തടസ്സപ്പെടുന്നു, യുപിഐ, ഐഎംപിഎസ് തുടങ്ങിയുള്ള പേയ്‌മെന്റ് സേവനങ്ങള്‍ നേരാംവണ്ണം നടക്കുന്നില്ല എന്നിങ്ങനെ എച്ച് ഡി എഫ് സി ഇടപാടുകാര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൂണ്ടിക്കാട്ടുന്ന പരാതികള്‍ നിരവധിയാണ്.
എച്ച് ഡി എഫ് സി ബാങ്കിന്റെ ഡാറ്റ സെന്ററിലുണ്ടായ വൈദ്യുത തടസ്സത്തെ തുടര്‍ന്ന് നവംബര്‍ 21ന് ഇടപാടുകള്‍ തടസ്സപ്പെട്ടിരുന്നു. അന്ന് 12 മണിക്കൂറാണ് ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. ഇതാണ് റിസര്‍വ് ബാങ്കിനെ കര്‍ശന നടപടികളിലേക്ക് നയിച്ചതും.
2019ലും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.