പിഴപ്പലിശ ഒഴിവാക്കല്‍: വായ്പയെടുത്തവര്‍ക്ക് എങ്ങനെ പ്രയോജനകരമാകും?

വായ്പയുടെ കരാര്‍ അനുസരിച്ച് ഇടപാടുകാര്‍ പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തിരിച്ചടവ് സമയബന്ധിതമായി ചെയ്യുക, ബിസിനസ് പ്രവര്‍ത്തന മൂലധനം എടുത്തിരിക്കുന്ന ഇടപാടുകാര്‍ കരാര്‍ വ്യവസ്ഥയില്‍ നിശ്ചയിച്ച സമയങ്ങളില്‍ ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍ ബാങ്കില്‍ നല്‍കുക എന്നിങ്ങനെ പോകുന്നു ഇവ. ഈ കാര്യങ്ങള്‍ യഥാസമയം ചെയ്യുന്ന കാര്യത്തില്‍ മുടക്കം വന്നാല്‍ ബാങ്കുകള്‍ നിലവിലുള്ള പലിശ നിരക്കിന് മുകളില്‍ പിഴപ്പലിശയും കൂടെ ഈടാക്കുന്ന രീതിയാണ് ഉള്ളത്.

അധിക പലിശ

പിഴപ്പലിശ കണക്കാക്കി അധികം ചേര്‍ത്ത പലിശനിരക്കില്‍ ഈടാക്കുന്ന പലിശ തുക അപ്പപ്പോള്‍ തന്നെ അടച്ചില്ലെങ്കില്‍ അത് മുതലിനോട് ചേര്‍ത്ത് അതിന്മേല്‍ വീണ്ടും പിഴപ്പലിശ അടക്കമുള്ള കൂടിയ നിരക്കില്‍ പലിശ ഈടാക്കുന്നു. മാത്രമല്ല, ഇങ്ങനെ ഈടാക്കുന്ന പിഴപ്പലിശ എത്രയെന്നും മറ്റും ഓരോ ബാങ്കും ഓരോ രീതിയിലാണ് നിശ്ചയിക്കുന്നത്.

ഈ രീതി ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ പിഴപ്പലിശയുടെ കാര്യത്തില്‍ സുതാര്യവും ന്യായവും, ഇടപാടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായ ഒരു പോളിസി വേണമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ഒരു കരട് രൂപ രേഖ തയ്യാറാക്കി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരു പോലെ ബാധകമാകുന്നരീതിയില്‍ ഒരു നയം കൊണ്ടുവരും. അപ്പോള്‍ പിഴപ്പലിശയ്ക്ക് പകരം പിഴ തുക ആയിരിക്കും തീരുമാനിക്കുക. അതിന്മേല്‍ പിന്നീട് പലിശ ഈടാക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ബാങ്ക് വായ്പ എടുത്ത ഇടപാടുകാര്‍ക്ക് അത് വലിയ ആശ്വാസമാകും.

വായ്പയും ക്രെഡിറ്റ് റിസ്‌കും

എന്നാല്‍ നിലവിലുള്ള രീതി അനുസരിച്ചു ഓരോ വായ്പയ്ക്കും പലിശ നിശ്ചയിക്കുന്നത് അതിന്റെ ക്രെഡിറ്റ് റിസ്‌കും കൂടി പരിഗണിച്ചാണ്. വായ്പ മുടക്കം കൂടാതെ സമയാസമയങ്ങളില്‍ അടച്ചു തീര്‍ക്കും എന്നാണ് വായ്പ നല്‍കുന്ന സമയം കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആ വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

വായ്പകളുടെ ക്രെഡിറ്റ് റിസ്‌ക് കാലാകാലങ്ങളില്‍ പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ പലിശ നിരക്കിലും മറ്റും വരുത്തുവാന്‍ ബാങ്കുകള്‍ക്ക് കഴിയും. ഈ അവസരത്തില്‍ വായ്പയുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നില്ല എന്ന് കാണുകില്‍ ആ വായ്പക്ക് കൂടിയ നിരക്കില്‍ പലിശ അടയ്ക്കുവാന്‍ ബാങ്കുകള്‍ ആവശ്യപ്പെടാം. തിരിച്ചടവ് മുടങ്ങുന്നതിന് ഇപ്പോള്‍ നിലവിലുള്ള പിഴപ്പലിശ സംവിധാനം മാറിയാല്‍ പോലും തവണ മുടക്കം വരുന്ന വായ്പയിന്മേല്‍ പലിശ നിരക്ക് വര്‍ദ്ധനവ് വന്നേക്കാം എന്ന് സാരം.



Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it