പലിശഭാരം കുറയ്ക്കാന്‍ വോട്ടിട്ടു; റിസര്‍വ് ബാങ്ക് യോഗത്തില്‍ 'ഒറ്റപ്പെട്ട്' മലയാളി അംഗം

ഏവരും പ്രതീക്ഷിച്ചതുപോലെ തുടര്‍ച്ചയായ ആറാം തവണയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതി (MPC) അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റംവരുത്താതെ ധനനയം പ്രഖ്യാപിച്ചു. എം.പി.സിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന ധനനയ പ്രഖ്യാപനമാണ് ഇന്ന് ശക്തികാന്ത ദാസ് നടത്തിയത്.
മാറാതെ പലിശഭാരം
റിപ്പോനിരക്ക് 6.50 ശതമാനത്തിലും സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) റേറ്റ് 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (MSF) റേറ്റ് 6.75 ശതമാനത്തിലും തുടരും. ഫിക്‌സ്ഡ് റിപ്പോ റേറ്റ് 3.35 ശതമാനത്തിലും കരുതല്‍ ധന അനുപാതം (CRR) 4.50 ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) 18 ശതമാനത്തിലും മാറ്റമില്ലാതെ നിലനിറുത്തി.
നിരക്കുകള്‍ നിലനിറുത്തിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശനിരക്കുകളിലും മാറ്റംവരുത്താന്‍ വാണിജ്യ ബാങ്കുകള്‍ തയ്യാറാവില്ല. സ്ഥിരനിക്ഷേപങ്ങളുടെ (FD) നിരക്കുകളിലും മാറ്റമുണ്ടാവില്ല.
എന്തുകൊണ്ട് പലിശനിരക്ക് കുറച്ചില്ല?
റീറ്റെയ്ല്‍ പണപ്പെരുപ്പത്തിന്റെ ദിശ അടിസ്ഥാനമാക്കിയാണ് പ്രധാനമായും എം.പി.സി പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ 4.9 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 5.7 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) കൂടുന്നതാണ് പ്രധാന ആശങ്ക.
പണപ്പെരുപ്പം ലക്ഷ്യനിരക്കിലേക്ക് തിരിച്ചെത്തിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും ഈ പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്കുകള്‍ നിലനിറുത്തുകയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഒറ്റപ്പെട്ട് 'മലയാളി'
ആറുപേരുള്ള എം.പി.സിയില്‍ 5 പേരാണ് പലിശനിരക്കുകള്‍ നിലനിറുത്താന്‍ യോജിച്ചത്. എം.പി.സിയിലെ സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ. ജയന്ത് വര്‍മ്മ റിപ്പോനിരക്ക് 0.25 ശതമാനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റാരും പിന്തുണച്ചില്ല.
ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. മൈക്കല്‍ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജീവ് രഞ്ജന്‍, സ്വതന്ത്ര അംഗങ്ങളായ ഡോ. ശശാങ്ക ഭീഡെ, ഡോ. ആഷിമ ഗോയല്‍ എന്നിവരാണ് നിരക്കുകള്‍ നിലനിറുത്താന്‍ വോട്ടിട്ടത്.
റിസര്‍വ് ബാങ്കിന്റെ 'നിലപാട്' (stance) നിലവിലെ വിത്‌ഡ്രോവല്‍ ഓഫ് അക്കോമഡേഷനില്‍ നിലനിറുത്താനും പ്രൊഫ. ജയന്ത് വര്‍മ്മ ഒഴികെയുള്ളവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ന്യൂട്രല്‍ നിലപാടിലേക്ക് മാറാനായിരുന്നു പ്രൊഫ. വര്‍മ്മയുടെ വോട്ട്.
വളര്‍ച്ചാനിരക്ക് കുറയും
നടപ്പുവര്‍ഷം (2023-24) ഇന്ത്യ 7.3 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് ധനനയ പ്രഖ്യാപനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാകും ഇന്ത്യ 7 ശതമാനത്തിനുമേല്‍ വളര്‍ച്ച നേടുക. അതേസമയം 2024-25ലെ വളര്‍ച്ചാനിരക്ക് 7 ശതമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതായത്, ഈ വര്‍ഷത്തേക്കാള്‍ വളര്‍ച്ച കുറവായിരിക്കും അടുത്ത സാമ്പത്തിക വര്‍ഷം.
അടുത്തവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ 7.2 ശതമാനം, ജൂലൈ-സെപ്റ്റംബറില്‍ 6.8 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ 7 ശതമാനം, ജനുവരി-മാര്‍ച്ചില്‍ 6.9 ശതമാനം എന്നിങ്ങനെയാകും ഇന്ത്യ വളരുകയെന്നാണ് അനുമാനം.
പണപ്പെരുപ്പം വലയ്ക്കില്ലെന്ന് പ്രതീക്ഷ
റീറ്റെയ്ല്‍ പണപ്പെരുപ്പം നടപ്പുവര്‍ഷം (2023-24) 5.4 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2024-25ല്‍ ഇത് 4.5 ശതമാനത്തിലേക്ക് താഴും. റാബി വിളവെടുപ്പ് മെച്ചപ്പെടുന്നത് ജി.ഡി.പി വളര്‍ച്ചയ്‌ക്കെന്ന പോലെ പണപ്പെരുപ്പ നിയന്ത്രണത്തിനും സഹായിക്കുമെന്ന് കരുതുന്നു.
അടുത്തവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ 5 ശതമാനം, ജൂലൈ-സെപ്റ്റംബറില്‍ 4 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ 4.6 ശതമാനം, ജനുവരി-മാര്‍ച്ചില്‍ 4.7 ശതമാനം എന്നിങ്ങനെയാകും പണപ്പെരുപ്പം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it