വിരമിക്കാന്‍ യൗവനത്തിലേ ആസൂത്രണം ചെയ്യണമെന്ന് പ്രിന്‍സ് ജോര്‍ജ്

ജീവിതത്തില്‍ ജനനം പോലെ തന്നെ യഥാര്‍ത്ഥമാണ് മരണവും. അതുപോലെ ചെയ്യുന്ന ജോലിയില്‍ നിന്ന് വിരമിക്കുക എന്നത് ഏതൊരു വ്യക്തിയും ജീവിതത്തില്‍ നേരിടേണ്ട ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണ്. വിരമിക്കലിന് ശേഷമുളള ജീവിതത്തെ നാം വളരെ മുന്‍കൂട്ടി കാണേണ്ടത് അത്യാവശ്യമാണ്.
വിരമിച്ചതിന് ശേഷം നമ്മള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ വലിയ കുറവ് സംഭവിക്കുന്നു. പക്ഷെ നമ്മുടെ പണം ചെലവഴിക്കേണ്ട ആവശ്യങ്ങള്‍ ഒരു പരിധി വരെ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ വിരമിക്കലിന് ശേഷം ഒരുപക്ഷെ ചെലവ് കൂടാനും സാധ്യതയുണ്ട്. പണപ്പെരുപ്പം പോലുളള ഒഴിച്ചു കൂടാനാവാത്ത സാമ്പത്തിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ പണത്തിന്റെ മൂല്യത്തിന് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇടിവ് സംഭവിക്കാനും ഇടയുണ്ട്.
ഈ സാഹചര്യങ്ങളില്‍ വിരമിക്കല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാമെന്ന് ഡി.ബി.എഫ്.എസ് എം.ഡി പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ സാമ്പത്തിക ആസൂത്രണത്തില്‍‌ വിരമിക്കലിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ വളരെ നേരത്തെ തന്നെ വിരമിക്കലിന് ശേഷമുളള അവസ്ഥയെക്കുറിച്ച് സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അത്യാവശ്യമാണ്. യൗവനത്തില്‍ കാര്യമായ സമ്പാദനം നടക്കുമ്പോള്‍ തന്നെ ശരിയായ വസ്തുക്കളില്‍ നിക്ഷേപം നടത്തേണ്ടതാണ്. ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കേണ്ടതിനെക്കുറിച്ചാണ് വ്യക്തി ആദ്യം ചിന്തിക്കേണ്ടത്. ഏറ്റവും യോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളില്‍ ചേരുന്നതാണ് അഭികാമ്യം.
കൂടുതല്‍ നേട്ടം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പായി വ്യക്തിക്ക് അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. വ്യക്തിയുടെ ക്രിയാത്മകമായ ഉല്‍പ്പാദനം നടക്കുന്ന നാളുകളില്‍ നിക്ഷേപം നടത്താന്‍ യോജിച്ച പദ്ധതിയാണ് എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സ്കീം). ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മിതമായ ചെലവും സുതാര്യമായ സിസ്റ്റവും മൂലധനത്തില്‍ കാര്യമായ നേട്ടവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എന്‍.പി.എസ്. കാലാവധി പൂര്‍ത്തിയാക്കിയാല്‍ 60 ശതമാനം തുക പിന്‍വലിക്കാനും സാധ്യമാണ്.
25 കളില്‍ നില്‍ക്കുന്ന ഒരു വ്യക്തി 5000 രൂപ വീതം 12 ശതമാനം റിട്ടേണോടെ 35 കൊല്ലം നിക്ഷേപിച്ചാല്‍ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 3.25 കോടി രൂപ സ്വന്തമാക്കാം. ജീവിതത്തിന്റെ ബാക്കിയുളള കാലം സന്തോഷത്തോടെ കഴിയാനുളള സമ്പത്തായിരിക്കും ഇതെന്നും പ്രിന്‍സ് പറയുന്നു.
Related Articles
Next Story
Videos
Share it