റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ എന്നിവ പ്രോത്സാഹിപ്പിക്കും; ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കേന്ദ്രം

റുപേ ഡെബിറ്റ് കാര്‍ഡുകളുടെയും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളുടെയും പ്രോത്സാഹനത്തിനായി ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കായി 2,600 കോടി രൂപയുടെ ഇന്‍സെന്റീവിനാണ് കേന്ദ്രമന്ത്രിസഭ നിലവില്‍ അംഗീകാരം നല്‍കിയത്. ഈ പദ്ധതിക്ക് കീഴില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളും ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍, ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും.


വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 55.54 ബില്യണില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88.4 ബില്യണായി ഉയര്‍ന്നു. ഭീം യുപിഐ ഇടപാടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 106 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 22.33 ബില്യണില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 45.97 ബില്യണായി ഉയര്‍ന്നു.

2022ല്‍ 125 ട്രില്യണ്‍ രൂപയുടെ 74 ബില്യണ്‍ യുപിഐ ഇടപാടുകള്‍ ഇന്ത്യയില്‍ നടന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഭീം-യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് എന്‍പിസിഐ (National Payments Corporation of India) മുമ്പ് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികവും ഉപയോക്തൃ സൗഹൃദവുമായ പണമിടപാട് സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വാഗ്ദാനത്തിന് അനുസൃതമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles
Next Story
Videos
Share it