2000 ത്തിന്റെ നോട്ടുകള്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ട്; തിരിച്ചെത്താനുള്ളത് 6,970 കോടി

2,000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ഇനിയും തിരിച്ചെത്താനുള്ളത് 6,970 കോടി രൂപ. 2023 മെയ് മാസത്തിലാണ് 2,000 രൂപയുടെ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. നോട്ടിന് നിരോധനമില്ലാത്തതിനാല്‍ ഇപ്പോഴും 2,000 രൂപക്ക് മൂല്യമുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ഓഫീസുകള്‍ വഴി മാത്രമേ മാറ്റാനാകൂ. ബാങ്കുകളും സ്വീകരിക്കുന്നില്ല. 2019 ല്‍ ഈ നോട്ടുകളുടെ പ്രിന്റിംഗ് റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു. 2023 മെയ് 19 വരെയാണ് ഈ നോട്ടുകള്‍ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ സ്വീകരിച്ചിരുന്നത്.

98.04 ശതമാനം തിരിച്ചെത്തി

1,000, 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പെട്ടെന്ന് നിരോധിച്ചതിന് പിന്നാലെയാണ് കറന്‍സി ക്ഷാമം പരിഹരിക്കാനുള്ള നടപടിയെന്നോണം 2016 നവംബറില്‍ 2,000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയത്. മൊത്തം 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇവ പിന്‍വലിച്ചതോടെ കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 98.04 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി. ഇനിയും എത്താനുള്ളത് 6,970 കോടി രൂപയാണ്.

തിരിച്ചു നല്‍കാന്‍ ഇനിയും അവസരം

2,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകള്‍ വഴി മാറാനാകും. ഒക്ടോബര്‍ ഒമ്പത് മുതല്‍ ആര്‍.ബി. ഐ ഓഫീസുകള്‍ വ്യക്തികളില്‍ നിന്ന് ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. നോട്ടുകള്‍ ഇന്ത്യാ പോസ്റ്റ് വഴി ഈ ഓഫീസുകളിലേക്ക് അയച്ചാല്‍ അതോടൊപ്പം നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സൗകര്യമുണ്ടെന്ന് ആര്‍.ബി.ഐ അറിയിച്ചു.

Related Articles
Next Story
Videos
Share it