ആധാര്‍ വിവരം മോഷ്ടിച്ച് തട്ടിപ്പോ? സുരക്ഷയ്ക്ക് നിങ്ങള്‍ ഉടന്‍ ചെയ്യേണ്ടത്

നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാനോ വായ്പ എടുക്കാനോ പുതിയ സിം എടുക്കാനോ ആയിക്കോട്ടെ, പല സുപ്രധാന ഇടപാടുകള്‍ക്കും അനിവാര്യമാണ് ഇപ്പോള്‍ ആധാര്‍. ആധികാരിക രേഖയായിട്ടും ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ചുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. ബയോമെട്രിക് രേഖയായുള്ള നിങ്ങളുടെ വിരലടയാളവും ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് കേസുകള്‍ പറയുന്നത്.

തട്ടിപ്പുകള്‍ ഇങ്ങനെ

ഉത്തരേന്ത്യയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് ആധാര്‍ എനേബ്ള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (AEPS) വഴിയുള്ള തട്ടിപ്പുകള്‍ പെരുകുന്നതായാണ്. ആധാര്‍ ഉപയോഗ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്താണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഉദാഹരണത്തിന്, മൊബൈല്‍ സിം ഇ-വേരിഫിക്കേഷന്റെ സമയത്ത് നല്‍കുന്ന വിരലടയാളത്തിന്റെ ഫോട്ടോ എടുത്ത് വച്ച് റബര്‍ ഉപയോഗിച്ച് ഈ വിരലടയാളത്തിന്റെ മാതൃക നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായാണ് സമീപകാലത്തെ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.

എ.ടി.എം പോലുമില്ലാത്ത ഗ്രാമങ്ങളില്‍ പി.ഒ.എസ് (Point Of Sale) ഡിവൈസുകളിലൂടെയും മൈക്രോ എ.ടി.എമ്മിലൂടെയും പണം നല്‍കുന്ന ഏര്‍പ്പാടുണ്ട്. അതായത്, എ.ടി.എം കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും എ.ടി.എം ഇല്ലാത്ത ഗ്രാമങ്ങളിലുള്ളവര്‍ക്കും വിരലടയാളം നല്‍കിയാല്‍ 10,000 രൂപ വരെ അക്കൗണ്ടില്‍ നിന്നും ഒറ്റത്തവണ പിന്‍വലിക്കാം. ഇത്തരത്തിൽ 50,000 രൂപ വരെ വേണ്ടി വരുന്നവര്‍ക്ക് അഞ്ച് തവണ വിരലടയാളം നല്‍കുകയും പിന്‍വലിക്കുകയും ചെയ്യാം. ഇത് വളരെ സൗകര്യപ്രദമാണെന്നതിനാൽ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇത്തരത്തിലുള്ള ഉപയോഗം കൂടുതലായി കണ്ടു വരുന്നു.

മൈക്രോ എ.ടി.എമ്മിലൂടെയോ പി.ഒ.എസ് മെഷിനിലൂടെയോ പണം പിന്‍വലിക്കാന്‍ മൂന്ന് സറ്റെപ്പ് മാത്രമാണ് വേണ്ടി വരുക. അക്കൗണ്ട് ഏത് ബാങ്കിലാണെന്നും ആധാര്‍ കാര്‍ഡ് നമ്പര്‍ എത്രയാണെന്നുള്ളതും നല്‍കിയാല്‍ വിരലടയാളം കൂടി നല്‍കുകയേ വേണ്ടൂ, പണം കയ്യിലെത്തും. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലൊക്കെയാണ് വിരലടയാളങ്ങൾ മോഷ്ടിച്ചുള്ള കളവുകൾ കൂടുതലും കണ്ടെത്തിയിട്ടുള്ളതെങ്കിലും ഇവിടുത്തെ കാര്യവും മറിച്ചല്ല. എന്നാൽ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യുന്നതിലൂടെ അത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാം. ഒപ്പം ഇടപാടുകളിലെ സ്വകാര്യതയും നില നിർത്താം.

എങ്ങനെയാണ് ഇത് ചെയ്യുന്നത്

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനും അൺ ലോക്ക് ചെയ്യാനുമുള്ള സംവിധാനം എളുപ്പമാണ്. ഇതാ വെറും മൂന്നു സ്റ്റെപ്പുകളിലൂടെ ഇത് ചെയ്യാം.

വെബ്‌സൈറ്റ് വഴി ചെയ്യാൻ:

1. myaadhaar.uidai.gov.in കയറുക

2. OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

3. Click on Lock/Unlock biometrics, Click Next

ഈ മൂന്നു സ്റ്റെപ്പിലൂടെ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാൻ കഴിയും, പിന്നീട് ആധാർ രേഖകൾക്കൊപ്പം വിരലടയാളം ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ തന്നെ കയറി അൺ ലോക്കും ചെയ്യാം.

ആധാറിന്റെ മൊബൈൽ ആപ്പ് (mAadhaar) ഡൌൺലോഡ് ചെയ്‌തുകൊണ്ടും ബിയോമെട്രിക്സ് ലോക്ക് ചെയ്യാം. ഇനി ഓരോ തവണയും വിരലടയാളം ഉപയോഗിച്ച ശേഷം ലോക്ക് ചെയ്യാം.

UIDAI വെബ്സൈറ്റില്‍ പോയി ഓതറ്റിക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചാല്‍ ഏതൊക്കെ സമയത്ത് ബയോമെട്രിക് സൈന്‍-ഇന്‍ നടന്നു എന്നു കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it