ശമ്പളം ക്രിപ്‌റ്റോയില്‍; ഊഹക്കച്ചവടം നടത്തിയാല്‍ കൈപൊള്ളും

മാസ ശമ്പളം ക്രിപ്‌റ്റോ കറന്‍സിയില്‍ വാങ്ങുന്നത് ഗുണമോ ദോഷമോ? ദുബൈയിലെ തൊഴില്‍രംഗത്തെ പുതിയ ചര്‍ച്ച ഇതാണ്. ദുബൈ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു വിധിയാണ് ചര്‍ച്ചക്ക് അടിസ്ഥാനം. തൊഴില്‍തര്‍ക്ക കേസില്‍, ജീവനക്കാരന് നല്‍കാനുള്ള ശമ്പള കുടിശിക ദിര്‍ഹത്തിലോ ക്രിപ്‌റ്റോയിലോ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ലേബര്‍ കോണ്‍ട്രാക്ടില്‍ ക്രിപ്‌റ്റോ വഴിയുള്ള പേയ്‌മെന്റ് രേഖപ്പെടുത്തിയിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ ക്രിപ്‌റ്റോ വഴിയുള്ള ശമ്പളം നല്‍കല്‍ ദുബൈ കോര്‍പ്പറേറ്റ് ലോകത്ത് ചൂടുപിടിച്ചിട്ടുണ്ട്.

ലോകത്തിന്റെ വഴിയില്‍ ദുബൈയും

പല രാജ്യങ്ങളിലും ക്രിപ്‌റ്റോ വഴിയുള്ള ശമ്പളം ആരംഭിച്ചതോടെയാണ് ദുബൈയിലും കമ്പനികള്‍ ഈ രീതി അവലംബിക്കുന്നത്. പല കമ്പനികളിലും ശമ്പളം പൂര്‍ണ്ണമായോ ഭാഗികമായോ ക്രിപ്‌റ്റോ കറന്‍സിയായി നല്‍കുന്നുണ്ട്. ടെക് കമ്പനികളില്‍ ആരംഭിച്ച ഈ രീതി പിന്നീട് മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നു. ഇക്കാര്യം ജീവനക്കാരുടെ ലേബര്‍ കോണ്‍ട്രാക്ടില്‍ വ്യക്തമായി രേഖപ്പെടുത്തുന്നുമുണ്ട്. റീട്ടെയില്‍ മേഖലയിലും ഇ-കോമേഴ്സിലും ക്രിപ്‌റ്റോ വഴിയുള്ള ഇടപാടുകള്‍ നടക്കുന്നതിനാല്‍ ദുബൈയില്‍ ഈ രീതി ഏറെ ജനകീയമായി വരികയാണെന്ന് ദുബൈയിലെ ഫീനിക്‌സ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുനാഫ് അലി പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ക്രിപ്‌റ്റോ ഇടപാടുകള്‍ സാധാരണമായതോടെ ജനങ്ങളും ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് മുനാഫ് അലി ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ ദിര്‍ഹവുമായി ബന്ധിപ്പിച്ച ക്രിപ്‌റ്റോ കോയിനുകളുമായി ഒട്ടേറെ കമ്പനികള്‍ ഇപ്പോള്‍ രംഗത്തു വരുന്നുണ്ട്.

വിദഗ്ധരുടെ മുന്നറിയിപ്പ്

ശമ്പളം ക്രിപ്‌റ്റോ കറന്‍സിയിലൂടെ വാങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധ ര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രിപ്‌റ്റോ ഇടപാടുകളെ ദുബൈ സര്‍ക്കാരും കമ്പനികളും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഊഹകച്ചവടം നടത്തിയാല്‍ നഷ്ടസാധ്യത ഏറെയുള്ളതാണ് ക്രിപ്‌റ്റോകള്‍. ശമ്പളം വഴി ലഭിക്കുന്ന പണം ജീവനക്കാരന്റെയും കുടുംബത്തിന്റെയും ജീവിത ചെലവുകള്‍ക്കുള്ളതാണ്. ഊഹകച്ചവടത്തിലൂടെ അത് നഷ്ടപ്പെടാതെ നോക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Related Articles
Next Story
Videos
Share it