സൗദിയും ഡിജിറ്റല്‍ പേമെന്റിന് വേഗത കൂട്ടുന്നു. ലക്ഷ്യം ടൂറിസം വളര്‍ച്ച


സൗദി അറേബ്യയില്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുടെ വേഗത കൂടുന്നു. പരമ്പരാഗതവും ഓഫീസ് കേന്ദ്രീകൃതവുമായിരുന്ന ബാങ്കിംഗ് മേഖലയെ ആധുനികവും എളുപ്പമുള്ളമുള്ളതുമായ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള നീക്കങ്ങളാണ് സൗദിയില്‍ നടക്കുന്നത്. ഡിജിറ്റല്‍ പേമെന്റ്, ഇ കോമേഴ്്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ കൂടുതല്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. വിദേശത്തുള്ളവര്‍ക്ക് സൗദിയിലുള്ളവരുമായി പണമിടപാട് നടത്തുന്നതിന് ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. പുതിയ നയത്തോടെ കൂടുതല്‍ വേഗത്തിലും സ്വതന്ത്രമായും പണമിടപാടുകള്‍ നടത്താനാകും. സൗദി സര്‍ക്കാരിന്റെ വിഷന്‍2030 പദ്ധതി പ്രകാരം ഡിജിറ്റല്‍ പേമെന്റ് സംവിധാനം ശക്തമാക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കി വരുന്നത്.

ബാങ്കുകള്‍ക്ക് കൂടുതല്‍ അനുമതി

ഡിജിറ്റല്‍ പേമെന്റ് വ്യാപകമാക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്തെ പ്രമുഖ പേമെന്റ് നെറ്റ്‌വര്‍ക്കുകളുമായി കരാറുണ്ടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേമെന്റ് സൗകര്യവും തുടര്‍ന്ന് ഇ കോമേഴ്്‌സ് സൗകര്യവുമാണ് അനുവദിച്ചിട്ടുള്ളത്. സൗദിയിലെ പ്രമുഖ ബാങ്കായ സൗദി അവാല്‍ ബാങ്ക് (സാബ്) പ്രമുഖ കമ്പനിയായ യൂണിയന്‍ പേയുമായി കഴിഞ്ഞ ദിവസമുണ്ടാക്കായി കരാര്‍ ഈ രംഗത്തെ പ്രധാന കാല്‍വെപ്പായാണ് ബാങ്കിംഗ് മേഖല നിരീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ യുണിയന്‍ പേയുടെ പേമെന്റ് കാര്‍ഡുകള്‍ സാബിന്റെ സംവിധാനങ്ങളിലൂടെ സൗദിയില്‍ ഉപയോഗിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് വിദേശികള്‍ക്ക് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിച്ച് സൗദിയില്‍ പണമിടപാടുകള്‍ നടത്താനാകും. വൈകാതെ ഇരു സ്ഥാപനങ്ങളും സംയുക്തമായി ഇ-കോമേഴ്്‌സ് സംവിധാനവും ആരംഭിക്കും.

ലക്ഷ്യം ടൂറിസവും തീര്‍ത്ഥാടനവും

പരമ്പരാഗതമായ പെട്രോളിയം വരുമാനത്തിന് പുറമെ ടൂറിസത്തിലൂടെയും വരുമാനം കൂട്ടുകയെന്നതാണ് സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക നയം. ഇതിനായി അടുത്ത കാലത്ത് കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുകയും സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ബാങ്കിംഗ് ഇടപാടുകള്‍ ഇപ്പോഴും അവികസിതമായി തുടരുന്നതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരമുള്ള ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളെ ഉള്‍കൊള്ളുന്നതു വഴി ടൂറിസം രംഗം കൂടുതല്‍ ആകര്‍ഷകമാക്കാനാകുമെന്നാണ് സൗദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്നായ ഹജ്ജ്,ഉംറ തീര്‍ത്ഥാടന രംഗത്തും ഡിജിറ്റല്‍ പെയ്്‌മെന്റിന്റെ ആവശ്യകത ഏറി വരികയാണ്. വിദേശ തീര്‍ത്ഥാടകര്‍ക്ക് കറന്‍സി കൈവശം വക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ ഡിജിറ്റല്‍ പരിഷ്‌കാരങ്ങളോടെ ഈ രംഗത്തും കാര്യങ്ങള്‍ എളുപ്പമാകും.

Related Articles

Next Story

Videos

Share it