അറ്റാദായത്തില്‍ 32% ഉയര്‍ച്ചയോടെ 509 കോടി രൂപയുമായി എസ്ബിഐ കാര്‍ഡ്സ്

എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 32 ശതമാനം ഉയര്‍ന്ന് 509 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 386 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഡിസംബര്‍ പാദത്തിലെ ഫലം പുറത്ത് വന്ന ശേഷം എസ്ബിഐ കാര്‍ഡ്സിന്റെഓഹരികള്‍ 3.34 ശതമാനം ഇടിഞ്ഞ് 720.15 രൂപയിലാണ് (11:40 am) വ്യാപാരം നടക്കുന്നത്.

അവലോകന പാദത്തിലെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1273 കോടി രൂപയില്‍ നിന്ന് 26.39 ശതമാനം വര്‍ധിച്ച് 1609 കോടി രൂപയായി. മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 3140 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3656 കോടി രൂപയായി. മൊത്തം പ്രവര്‍ത്തനച്ചെലവ് 2022 ലെ 1719 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം വര്‍ധിച്ച് 1974 കോടി രൂപയായി.

അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 2021 ഡിസംബര്‍ 31-ലെ 0.83 ശതമാനത്തില്‍ നിന്ന് 2022 ഡിസംബര്‍ 31 ല്‍ 0.80 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 2.22 ശതമാനത്തില്‍ നിന്ന് മുന്നാം പാദത്തില്‍ 2.40 ശതമാനമായി. നഷ്ടങ്ങളുടേയും കിട്ടാക്കടങ്ങളുടെയും ചെലവ് (impairment losses and bad debts expenses) 2022 ലെ 625 കോടി രൂപയില്‍ നിന്ന് 15 ശതമാനം കുറഞ്ഞ് അവലോകന കാലയളവില്‍ 533 കോടി രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it