അറ്റാദായത്തില്‍ 16.46% ഇടിവ് രേഖപ്പെടുത്തി എസ്ബിഐ ലൈഫ്

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ 16.46 ശതമാനം ഇടിവോടെ 304.13 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 364.06 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രീമിയത്തില്‍ നിന്നുള്ള അറ്റ വരുമാനം ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ 18,025 കോടി രൂപയെ അപേക്ഷിച്ച് 6.35 ശതമാനം ഉയര്‍ന്ന് 19,170.80 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ ഒന്നാം വര്‍ഷ പ്രീമിയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.09 ശതമാനം ഉയര്‍ന്ന് 5,055.17 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4073 കോടി രൂപയായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ഒമ്പത് മാസ കാലയളവില്‍ കമ്പനിയുടെ ലാഭം 13 ശതമാനം വര്‍ധിച്ച് 940 കോടി രൂപയായി. നിലവില്‍ തങ്ങള്‍ക്ക് രാജ്യത്തുടനീളം 990 ഓഫീസുകളില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളോടൊപ്പം ഏജന്റുമാര്‍ ഉള്‍പ്പടെ പരിശീലനം ലഭിച്ച 255,848 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ ശക്തമായ വിതരണ ശൃംഖലയും ഉണ്ടെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ സ്ഥിരത അനുപാതം മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 79.21 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 80.53 ശതമാനമായി രേഖപ്പെടുത്തി.

പുതിയ ബിസിനസിന്റെ മൂല്യം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 44 ശതമാനം വളര്‍ച്ചയോടെ 3630 കോടി രൂപ രേഖപ്പെടുത്തി. 2022 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2530 കോടി രൂപയായിരുന്നു. പുതിയ ബിസിനസ് മാര്‍ജിന്‍ ഇതേ കാലയളവില്‍ 48 ബേസിസ് പോയിന്റ് വര്‍ധിച്ച് 29.6 ശതമാനം രേഖപ്പെടുത്തി. 2022 ഡിസംബറിലെ കണക്കനുസരിച്ച് കമ്പനിയുടെ കൈകാര്യ ആസ്തികള്‍ (Assets under management) 17 ശതമാനം വര്‍ധിച്ച് 2.99 ശതകോടി രൂപയായി. ഈ പാദത്തില്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള എസ്ബിഐ ലൈഫിന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 2424 കോടി രൂപയില്‍ നിന്ന് 7,442 കോടി രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it