സഹാറയുടെ പോളിസി ഉടമകള്‍ക്ക് ആശ്വസിക്കാം; കമ്പനിയെ എസ്.ബി.ഐ ലൈഫ് ഏറ്റെടുക്കും

സാമ്പത്തിക പ്രതിസന്ധിയിലാവുകയും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ.ഐ) വിലക്ക് നേരിടുന്നതുമായ സഹാറ ഇന്ത്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ (എസ്.ഐ.എല്‍.ഐ.സി) ഇന്‍ഷ്വറന്‍സ് ബിസിനസുകള്‍ എസ്.ബി.ഐ ലൈഫ് ഏറ്റെടുക്കും. ഐ.ആര്‍.ഡി.എ.ഐയുടെ നിര്‍ദേശപ്രകാരമാണിത്. സഹാറയുടെ രണ്ടുലക്ഷത്തോളം പോളിസികളാണ് ഇനിമുതല്‍ എസ്.ബി.ഐ ലൈഫിന്റെ കീഴിലാവുക.

എന്തുകൊണ്ട് ഏറ്റെടുക്കല്‍
2004ലാണ് ഐ.ആര്‍.ഡി.എ.ഐയില്‍ നിന്ന് സഹാറയ്ക്ക് ഇന്‍ഷ്വറന്‍സ് ബിസിനസിനുള്ള ലൈസന്‍സ് ലഭിക്കുന്നത്. സഹാറ ഇന്ത്യ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 50 ശതമാനവും സഹാറ കെയറിന് 40 ശതമാനവും സഹാറ ഇന്ത്യ കൊമേഴ്‌സ്യല്‍ കോ‍ർപ്പറേഷന് 4.37 ശതമാനവും സഹാറ ഇന്‍ഫ്രാസ്ട്രക്ചറിന് 3.82 ശതമാനവും ഓഹരി പങ്കാളിത്തത്തോടെയാണ് സഹാറ ഇന്ത്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (എസ്.ഐ.എല്‍.ഐ.സി) രൂപീകരിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും 2016 മാര്‍ച്ചില്‍ ഐ.ആര്‍.ഡി.എ.ഐ കണ്ടെത്തി. അനധികൃത പണമിടപാടുകളും ശ്രദ്ധയില്‍പ്പെട്ടു. വിശദമായ അന്വേഷണശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച്, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ കൊണ്ട് ഏറ്റെടുപ്പിച്ചു. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇതിനിടെ എസ്.ഐ.എല്‍.ഐ.സിയുടെ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി നല്‍കിയില്ല. പിന്നീട് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയെക്കൊണ്ട് എസ്.ഐ.എല്‍.ഐ.സിന്റെ ബിസിനസ് ഏറ്റെടുപ്പിക്കാന്‍ ഐ.ആര്‍.ഡി.എ.ഐ തീരുമാനിച്ചു.
ഇതിനെതിരെ എസ്.ഐ.എല്‍.ഐ.സി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. ഇതിനിടെ കമ്പനിയുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ മോശമാവുകയും ഉപഭോക്താക്കളില്‍ നിന്നുള്ള ക്ലെയിമുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതേനിലയില്‍ മുന്നോട്ട് പോയാല്‍ മൂലധനം പോലുമില്ലാതെ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന സാഹചര്യത്തിലാണ് എസ്.ബി.ഐ ലൈഫിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള തീരുമാനം. സഹാറ മാനേജ്‌മെന്റിന്റെ നിക്ഷേപങ്ങളും ആസ്തികളും അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ തുടരും. ഇന്‍ഷ്വറന്‍സ് ബിസിനസ് മാത്രമാണ് എസ്.ബി.ഐ ലൈഫ് ഏറ്റെടുക്കുന്നത്.
അതേസമയം, കമ്പനിയുടെ ബിസിനസ് ആദ്യം ഏറ്റെടുക്കേണ്ടിയിരുന്ന ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിനെ ഒഴിവാക്കി എസ്.ബി.ഐ ലൈഫിനെ തിരഞ്ഞെടുത്തത് എന്തിനെന്ന് ഐ.ആര്‍.ഡി.എ.ഐ വ്യക്തമാക്കിയിട്ടില്ല.
Related Articles
Next Story
Videos
Share it