ബാങ്കുകളിൽ എഫ്.ഡി ആരംഭിക്കുന്നത് വഴി മുതിർന്ന പൗരന്മാർക്ക് എന്താണ് നേട്ടം?

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപം സ്വന്തമാക്കുന്നതില്‍ രാജ്യത്തെ ബാങ്കുകള്‍ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. വിവിധ ബാങ്കുകളിലായി 34 ലക്ഷം കോടി രൂപയുടെ സ്ഥിരനിക്ഷേപം നിലവില്‍ മുതിര്‍ന്ന പൗരന്മാരുതേടായുണ്ടെന്ന് എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 7.4 കോടി മുതിര്‍ന്ന പൗരന്മാരുടെ സംയോജിത നിക്ഷേപമാണിത്.
മൊത്തം നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന്റെ വിഹിതം 15 ശതമാനത്തില്‍ നിന്ന് ഇരട്ടിക്കുതിപ്പുമായി 30 ശതമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതും സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ അധിക പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ നല്‍കുന്നുണ്ടെന്നതുമാണ് കുതിപ്പിന് വഴിയൊരുക്കിയത്.
പലിശവരുമാനത്തില്‍ വന്‍ നേട്ടം
7.4 കോടി അക്കൗണ്ടുകളില്‍ 7.3 കോടിയും 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളാണ്. ശരാശരി 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാല്‍ മുതിര്‍ന്ന പൗരന്മാര്‍ കീശയിലാക്കിയ മൊത്തം പലിശ വരുമാനനേട്ടം 2.7 ലക്ഷം കോടി രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

2018-19 സാമ്പത്തിക വര്‍ഷത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ 4.1 കോടി അക്കൗണ്ടുകളാണുണ്ടായിരുന്നത്; മൊത്തം നിക്ഷേപം 14 ലക്ഷം കോടി രൂപയും. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് 5 വര്‍ഷം കൊണ്ടുണ്ടായതെന്നും എസ്.ബി.ഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യകാന്തി ഘോഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. അതായത്, കഴിഞ്ഞ 5 വര്‍ഷത്തിനിടെ അക്കൗണ്ടുകളുടെ എണ്ണം 81 ശതമാനം ഉയര്‍ന്നപ്പോള്‍ തുകയില്‍ 143 ശതമാനം വര്‍ധനയുണ്ടായി.
കേന്ദ്രത്തിനും ലോട്ടറി
വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപം (FD), കേന്ദ്ര പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS) എന്നിവയിലൂടെ ഇതിനകം മുതിര്‍ന്ന പൗരന്മാര്‍ നേടിയ ആകെ പലിശ വരുമാനം 2.71 ലക്ഷം കോടി രൂപയാണ്. ഇതില്‍ 2.57 ലക്ഷം കോടി രൂപ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും 13,299 കോടി രൂപ എസ്.സി.എസ്.എസില്‍ നിന്നുമാണ്.
എസ്.ബി.ഐ റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ നിന്ന്

പലിശ വരുമാനത്തിന് ശരാശരി 10 ശതമാനം നികുതി കണക്കാക്കിയാല്‍ 27,106 കോടി രൂപ കേന്ദ്രത്തിന് നികുതിയായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആകര്‍ഷക പദ്ധതികള്‍
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തികക്ഷേമം ഉറപ്പാക്കാന്‍ വിവിധ കേന്ദ്ര പദ്ധതികളുണ്ട്. പുറമേ ബാങ്കുകളും നിക്ഷേപങ്ങള്‍ക്ക് അധിക പലിശനിരക്ക് നല്‍കുന്നുമുണ്ട്.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിലെ പരമാവധി നിക്ഷേപ പരിധി കേന്ദ്രം അടുത്തിടെ 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തിയത് നിരവധി പേരാണ് നേട്ടമാക്കി മാറ്റിയത്. 5 വര്‍ഷ നിക്ഷേപത്തിന് 8.2 ശതമാനം പലിശയും നികുതിയിളവുകളും നേടാനുമാകും.
ബാങ്കുകളാകട്ടെ, സ്ഥിരനിക്ഷേപങ്ങളില്‍ സാധാരണ നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നു. എസ്.ബി.ഐയും എച്ച്.ഡി.എഫ്.സിയും പോലെയുള്ള ഏതാനും ബാങ്കുകള്‍ പ്രത്യേക എഫ്.ഡികളും അവതരിപ്പിച്ചിട്ടുണ്ട്. ഇവ 0.75 ശതമാനം വരെ അധിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
എസ്.ബി.ഐ അവതരിപ്പിച്ച 2,222 ദിവസക്കാലാവധിയുള്ള എസ്.ബി.ഐ ഗ്രീന്‍ റുപ്പി ടേം ഡെപ്പോസിറ്റിലെ നിക്ഷേപത്തിന് ഒരു ശതമാനം അധിക പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it