നിങ്ങള്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം; ഇതാ എളുപ്പ മാര്‍ഗങ്ങള്‍

രണ്ടു വര്‍ഷത്തിനകം മകളുടെ പഠനത്തിനായി നല്ലൊരു തുക വായ്പ വേണം. ക്രെഡിറ്റ് സ്‌കോര്‍ ആകട്ടെ 600 നടുത്തും. വായ്പ കിട്ടണമെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തിയേ പറ്റൂ. എന്താണ് പോം വഴി. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാം, ക്രെഡിറ്റ് കാര്‍ഡ് എടുത്ത് കൃത്യമായി അടയ്ക്കാം....അങ്ങനെ ഇത്തരം അവസരങ്ങളില്‍ പലരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കാം. എന്നാല്‍ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയാലോ. പണി കിട്ടുമെന്നു മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ പരോക്ഷമായി ബാധിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് വായ്പ എടുക്കാതെ ആര്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയാണ്.

സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച് വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ എത്രമാത്രം ഉത്തരവാദിത്തം കാണിക്കുന്നുണ്ട്? അവയുടെ സമയത്തുള്ള തിരിച്ചടവിന് നിങ്ങള്‍ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കി തയാറാക്കുന്ന റിപ്പോര്‍ട്ടാണ് 'ക്രെഡിറ്റ് സ്‌കോര്‍'.
900 പോയ്ന്റ് വരെയാണ് സാധാരണയായി ക്രെഡിറ്റ് സ്‌കോര്‍ നല്‍കാറുള്ളത്. ഇതില്‍ 750ന് മുകളിലെങ്കിലും ഉണ്ടെങ്കിലാണ് അത് മികച്ച സ്‌കോറായി കണക്കാക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750 നും താഴെയാണെങ്കില്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ഇനി ഏതെങ്കിലും സ്ഥാപനം വായ്പ നല്‍കിയാല്‍ തന്നെ ഉയര്‍ന്ന പലിശ നല്‍കേണ്ടിയും വരും. എങ്ങനെ എങ്കിലും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നതു മാത്രമാണ് വഴി. പെട്ടെന്നൊരു ദിവസം ഇത് സാധ്യമാകില്ല, അതിന് മാസങ്ങളുടെ ശ്രമം തന്നെ വേണ്ടി വന്നേക്കാം. ഇതാ ചില പ്രായോഗിക വഴികള്‍ നോക്കാം.
സ്വര്‍ണപ്പണയ വായ്പ ഉപയോഗിക്കാം
ഏതുതരം വായ്പയ്ക്കും ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. പക്ഷേ സ്വര്‍ണ പണയ വായ്പ ബാങ്കിനെ സംബന്ധിച്ച് ഏറെ സുരക്ഷിതമാണ്. അതുകൊണ്ടു സ്‌കോര്‍ വളരെ കുറവാണെങ്കിലും സ്ഥാപനങ്ങള്‍ ഈ വായ്പ അനുവദിക്കും. എല്ലാവരുടേയും കൈയില്‍ അല്‍പം എങ്കിലും സ്വര്‍ണം ഉണ്ടാകും. അതുകൊണ്ട് തന്നെ ഈടുവെച്ച് ചെറിയൊരു തുകയാണെങ്കിലും വായ്പ എടുക്കാം. അതു കൃത്യമായി അടച്ചാല്‍ സ്‌കോര്‍ മെച്ചപ്പെടുത്താം. നടപടിക്രമങ്ങളും കുറവാണ്. നിലവില്‍ വളരെ പെട്ടെന്ന് വായ്പ അനുവദിച്ചുകിട്ടുമെന്നതിനാല്‍ അടുത്ത മാസം മുതല്‍ സ്‌കോര്‍ കൂട്ടാനുള്ള വഴി തുടങ്ങും. പൊതുമേഖലാ ബാങ്കില്‍ നിന്നു കാര്‍ഷികേതര വായ്പ എടുത്താല്‍ ഏഴോ എട്ടോ ശതമാനം പലിശയേ വരൂ. അതുകൊണ്ടു തന്നെ തിരിച്ചടവ് വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.
എന്നാല്‍ ഇതില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം:-
കൂടുതല്‍ തുക എടുത്താല്‍ ക്രെഡിറ്റ് സ്‌കോര്‍ കൂടില്ല എന്ന വാസ്തവം മനസ്സിലാക്കണം. കുറഞ്ഞ തുകയ്ക്കുള്ള വായ്പ എടുത്താല്‍ മതി. കാരണം നിങ്ങളുടെ ഏതെങ്കിലും ആവശ്യത്തിനായല്ല ഈ വായ്പ. പകരം സ്‌കോര്‍ മെച്ചപ്പെടുത്താനാണ്. ഇത് കൃത്യമായി തിരിച്ചടയ്ക്കുന്നതിലൂടെയാണ് സ്‌കോര്‍ ഉയരുക. സ്‌കോര്‍ കൂട്ടാനിറങ്ങി മണ്ടത്തരം പറ്റാതിരിക്കാന്‍ ഇനി പറയുന്ന കാര്യം ശ്രദ്ധിക്കുക.
ഏറ്റവും അനുയോജ്യമായ വായ്പ കണ്ടെത്തി അവിടെ മാത്രം അപേക്ഷിക്കുക എന്നതാണ് ഇത്. പല സ്ഥാപനങ്ങളില്‍ കയറിയിറങ്ങി അപേക്ഷ നല്‍കരുത്. അങ്ങനെ ചെയ്യുന്നത് സ്‌കോര്‍ വീണ്ടും കുറയ്ക്കാന്‍ കാരണമാകും. സ്വര്‍ണപണയ വായ്പാ തിരിച്ചടവ് മാസഗഡു അഥവാ ഇഎംഐ ആയി അടയ്ക്കുന്ന രീതി വേണം തിരഞ്ഞെടുക്കാന്‍. അപ്പോഴേ നിങ്ങളുടെ തിരിച്ചടവിന്റെ കൃത്യത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ബോധ്യപ്പെടുത്താന്‍ കഴിയൂ. എങ്കിലേ സ്‌കോര്‍ മെച്ചപ്പെടൂ.
മറ്റു വായ്പകള്‍ എടുക്കുമ്പോള്‍
വീടുണ്ടാക്കുക, കാര്‍ വാങ്ങുക, സ്ഥലം വാങ്ങുക... വായ്പയെടുത്ത് നിങ്ങള്‍ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മെച്ചപ്പെടുത്തും. പക്ഷെ, മാസതവണകള്‍ കൃത്യമായി അടയ്ക്കണമെന്നു മാത്രം. വലിയ വായ്പകള്‍ ശ്രദ്ധയോടെ മാനേജ് ചെയ്യുന്നുവെന്നത് ക്രെഡിറ്റ് സ്‌കോറിനെ വളരെയേറെ മെച്ചപ്പെടുത്തും.
ബില്ലുകള്‍ കൃത്യമായി അടയ്ക്കുക
സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ് ബില്ലുകള്‍ കൃത്യസമയത്തുതന്നെ അടയ്ക്കുന്നത്. ഇലക്ട്രിസിറ്റി ബില്ലായാലും ടെലിഫോണ്‍ ബില്ലായാലും മാസത്തിന്റെ ആദ്യ തീയതികളില്‍ തന്നെ അടയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം ക്രെഡിറ്റ് സ്‌കോറില്‍ പരിഗണിക്കപ്പെടുന്നതാണ്.
ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തല്‍
അച്ചടക്കത്തോടെയാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പരിധി ഉയര്‍ത്താന്‍ ബാങ്കുകളോട് ആവശ്യപ്പെടാം. എന്നാല്‍ മുഴുവന്‍ തുകയും ഒരിക്കലും ഉപയോഗിക്കരുത്. എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനും പാടില്ല. ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനം മാത്രമേ ഉപയോഗിക്കാവൂ എന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ബാങ്ക് അധികൃതരുമായി സംസാരിക്കുക
വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് ബാങ്കിനോട് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ അത് തിരുത്താന്‍ അഭ്യര്‍ത്ഥിക്കാം.

*


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it