മോദിസര്‍ക്കാറിന്റെ വിശ്വസ്തനായി വന്ന ശക്തികാന്തദാസ് മടങ്ങുന്നത് അനഭിമതനായോ?

കോവിഡ് മഹാമാരിയടക്കം രാജ്യം നേരിട്ട നിരവധി പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ചാരിതാര്‍ത്ഥ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ശക്തികാന്ത ദാസിന്റെ പടിയിറക്കം. 2018ലാണ് ഉര്‍ജിത് പട്ടേലിന്റെ പിന്‍ഗാമിയായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ശക്തികാന്ത ദാസ് എത്തുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീടിത് നീട്ടി നല്‍കി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ സ്ഥാനത്തിരുന്ന രണ്ടാമത്തെ വ്യക്തിയുമായി.

വീണ്ടും കാലാവധി നീട്ടുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ശക്തികാന്ത ദാസ് അതിന് സന്നദ്ധനായിരുന്നില്ലെന്നാണ് അറിയുന്നത്.

അപ്രതീക്ഷിത പ്രശ്‌നങ്ങള്‍, വലിയ നടപടികള്‍

ഭുവനേശ്വര്‍ സ്വദേശിയായ ശക്തികാന്ത ദാസ് 1980ലെ തമിഴ്‌നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. രാജ്യം കോവിഡ് മഹാമാരിയുടെ നാളുകളിലൂടെ കടന്നു പോയപ്പോള്‍ സമ്പദ് വ്യസ്ഥയെ ഉത്തേജിപ്പിക്കാന്‍ 1.15 ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത് ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ്. ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരാനായി വായ്പാ മോറട്ടോറിയങ്ങളും നടപ്പാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വലിയ പരിക്കേല്‍പ്പിക്കാതിരിക്കാന്‍ ഈ നടപടികള്‍ പ്രയോജനപ്പെട്ടു.
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ കുറവു വരുത്തുന്നതിലും ശക്തികാന്ത ദാസ് വിജയം കണ്ടു. 2018 സെപ്റ്റബറില്‍ 10.8 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി(GNPA) 2024 ആയപ്പോള്‍ 2.8 ശതമാനത്തോളം കുറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടിന്റെ വളര്‍ച്ചയിലൂടെ ഫിന്‍ടെക് മേഖലയില്‍ ഇന്ത്യയെ ആഗോള തലത്തില്‍ മുന്നിലെത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) നടപ്പാക്കിയതും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചതും ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയുടെ അടിത്തറ ശക്തമാക്കി.

മെരുക്കാനാകാതെ പണപ്പെരുപ്പം

പണപ്പെരുപ്പം മാത്രമാണ് ശക്തികാന്ത ദാസിനു മുന്നില്‍ നേടാനാകാത്ത ലക്ഷ്യമായി അവശേഷിക്കുന്നത്. ഉപയോക്തൃവിലപ്പെരുപ്പം (Consumer Price Index /CPI) ശക്തികാന്ത ദാസിന്റെ കാലയളവില്‍ പലതവണ റിസര്‍വ് ബാങ്കിന്റെ ആശ്വാസ പരിധി മറികടന്നു. 2024 ഒക്‌ടോബറില്‍ ഇത് 6.2 ശതമാനമെന്ന ഉയര്‍ന്ന നിലയിലുമെത്തി. പണപ്പെരുപ്പത്തിന് കാരണം ഘടനാപരവും വിതരണ ശൃംഖലയിലെ വിഷയങ്ങളുമാണെന്ന് ദാസ് ഊന്നി പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഒരു കളങ്കമായി ഇത് അവശേഷിക്കും.

അവസാന കാലത്ത് ഉരസല്‍

ശക്തികാന്ത ദാസിന്റെ റിസര്‍വ് ബാങ്കിലെ ആറു വര്‍ഷ കാലാവധി വിജയപ്രദമായിരുന്നുവെന്ന് പറയുമ്പോഴും അവസാന നാളുകളില്‍ സര്‍ക്കാരുമായി ചില അഭിപ്രായ വ്യത്യാസങ്ങളോടെയാണ് വിരമിക്കല്‍.
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് പലിശനിരക്ക് കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ് ഒരു പ്രധാന പ്രശ്‌നം. ഉയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ദാസ് തന്റെ അവസാന ധനനയ അവലോകനത്തിലും റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തി, ഹ്രസ്വകാല സാമ്പത്തിക വളര്‍ച്ചയേക്കാള്‍ പണപ്പെരുപ്പ നിയന്ത്രണത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഇത് സര്‍ക്കാരിന് അദ്ദേഹം അനഭിമതനാകുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

എന്നാല്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പുതിയതല്ല. മുന്‍ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, വൈ.വി റെഡ്ഡി എന്നിവരും സമാനമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ദാസിന്റെ നയതന്ത്രപരവും ദൃഢവുമായ സമീപനം റിസര്‍വ് ബാങ്ക് അതിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്നതായിരുന്നു, അതേസമയം സാധ്യമായിടത്തെല്ലാം സര്‍ക്കാരിന്റെ ആശങ്കകളെ അഭിസംബോധന ചെയ്യാനും ദാസ് ശ്രമിച്ചു.

വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക സ്ഥിരത സംരക്ഷിക്കുക എന്നിങ്ങനെ പരസ്പരവിരുദ്ധമായ മുന്‍ഗണനകള്‍ തമ്മിലുള്ള സന്തുലിതമായ പ്രവര്‍ത്തനമായി ദാസിന്റെ നേതൃത്വത്തെ സംഗ്രഹിക്കാം.
വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണം നിലനിറുത്താനുള്ള ശ്രമങ്ങളും ദാസിന്റെ നടപടികളില്‍ കാണാനാകും. അതുകൊണ്ട് തന്നെ ദാസ് റിസര്‍വ് ബാങ്കിനോട് വിടപറയുമ്പോള്‍, അദ്ദേഹത്തിന്റെ കാലയളവ് പിന്‍ഗാമികള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്.

മോദിക്കും നിര്‍മലയ്ക്കും നന്ദി

ആഗോള ആഘാതങ്ങള്‍ക്കിടയിലും അസാധാരണമായ കാലഘട്ടത്തെ ഒരുമിച്ച് നേടാനായതില്‍ ടീമംഗങ്ങള്‍ക്ക് മുഴുവന്‍ നന്ദി അര്‍പ്പിച്ചുകൊണ്ടാണ് ശക്തികാന്തദാസ് പടിയിറങ്ങിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി അറിയിച്ചു.
പണപ്പെരുപ്പവും വളര്‍ച്ചാ സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കുക എന്നതാണ് കേന്ദ്ര ബാങ്കിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യമെന്ന് ഇന്ന് നടത്തിയ അവസാന പത്രസമ്മേളനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു.
സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്‌സാഹിപ്പിക്കുന്നതു
കൂടാതെ സി.ബി.സി.യു, യു.എല്‍.ഐ പദ്ധതികളെ പുതിയ ഗവര്‍ണര്‍ മുന്നോട്ടു കൊണ്ടു പോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

നിരവധി അംഗീകാരങ്ങള്‍

പ്രവര്‍ത്തനമികവിന് അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങള്‍ ശക്തികാന്ത ദാസിനെ തേടിയെത്തിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ദ ബാങ്കര്‍ മാഗസിന്‍ 2020 ലെ 'ഏഷ്യ പസഫിക് സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുത്തു. 2023ല്‍ ഫിനാന്‍ഷ്യല്‍ ജേണലായ സെന്‍ട്രല്‍ ബാങ്കിംഗ് 'ഗവര്‍ണര്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുത്തതും ഇദ്ദേഹത്തെയായിരുന്നു. 2023-2024 വര്‍ഷങ്ങളില്‍ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡ്‌സ് ശക്തകാന്ത ദാസിന് എപ്ലസ് ഗ്രേഡിംഗ് നല്‍കി. ലോകത്തിലെ മികച്ച മൂന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരാണ് ഈ പട്ടികയിലുള്‍പ്പെടുക.
Related Articles
Next Story
Videos
Share it