വായ്പ പലിശ വെട്ടിക്കുറച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് നിരക്കില്‍ മാറ്റമില്ല

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (SIB) വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR) വെട്ടിക്കുറച്ചു. പുതിയ നിരക്കുകള്‍ നാളെ (June 20) പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാര്‍ച്ചിനു ശേഷം ആദ്യമായാണ് ബാങ്ക് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്.

മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് എം.സി.എല്‍.ആര്‍ നിരക്കുകള്‍ മാറ്റമില്ലാത നിലനിറുത്തി.

അടിസ്ഥാന നിരക്കുകള്‍ കുറച്ചതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കുറയും. അതായത്, വായ്പാ ഇടപാടുകാരുടെ പ്രതിമാസ വായ്പാത്തിരിച്ചടവ് (EMI) കുറയും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി, ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം.

പുതിയ നിരക്കുകള്‍ ഇങ്ങനെ

ഒറ്റനാള്‍ (Overnight), ഒരു മാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.80 ശതമാനത്തില്‍ നിന്ന് 9.75 ശതമാനത്തിലേക്കും മൂന്നുമാസക്കാലവധിയുള്ളവയുടേത് 9.85 ശതമാനത്തില്‍ നിന്ന് 9.80 ശതമാനമായുമാണ് കുറച്ചത്. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.85 ശതമാനമാണ്. നിലവിലെ 9.90 ശതമാനത്തില്‍ നിന്നാണ് കുറച്ചത്. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പയുടെ എം.സി.എല്‍.ആര്‍ 10 ശതമാനത്തില്‍ നിന്ന് 9.95 ശതമാനമായും കുറച്ചു.

ഫെഡറല്‍ ബാങ്ക് ഒറ്റനാള്‍ വായ്പകള്‍ക്ക് ഈടാക്കുന്ന എം.സി.എല്‍.ആര്‍ 9.45 ശതമാനവും ഒരു മാസ വായ്പകളുടേത് 9.50 ശതമാനവുമാണ്. മൂന്ന് മാസത്തേക്കുള്ള വായ്പകൾക്ക് 9.55 ശതമാനം എം.സി.എല്‍.ആര്‍ ഈടാക്കുമ്പോൾ ആറ് മാസക്കാലാവധിയുള്ള വായ്പകള്‍ക്ക് 9.65 ശതമാനവും ഒരുവര്‍ഷക്കാലാവധിയുള്ള വായ്പകള്‍ക്ക് 9.70 ശതമാനവുമാണിത്.

എന്താണ് എം.സി.എല്‍.ആര്‍?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. റിപ്പോയ്ക്ക് പുറമേ മറ്റു പല ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

Related Articles

Next Story

Videos

Share it