സൗത്ത് ഇന്ത്യന്‍ ബാങ്കിന് 775.09 കോടി രൂപയുടെ റെക്കോഡ് ലാഭം
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 775.09 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിതെന്ന് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ലാഭത്തിനു പുറമെ ബിസിനസ്, പലിശ വരുമാനം, മൂലധന ശേഷി, ആസ്തി വരുമാനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഈ കാലയളവില്‍ കൈവരിച്ചത്.
മൊത്തം ബിസിനസ് എക്കാലത്തേയും ഉയര്‍ന്ന നേട്ടമായ 1,63,743.42 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1,248.57 കോടി രൂപയില്‍ നിന്ന് 20.82 ശതമാനം വര്‍ധിച്ച് 1,507.33 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളിലെ റിക്കവറി 1464 കോടി രൂപയില്‍ നിന്ന് 1814 കോടി രൂപയായി വര്‍ധിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 5.90 ശതമാനത്തില്‍ നിന്ന് 5.14 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 2.97 ശതമാനത്തില്‍ നിന്ന് 1.86 ശതമാനമായും കുറഞ്ഞിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളിലെ കുറവ് ബാങ്കിന് ആശ്വാസമാണ്.
അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 2,240 കോടി രൂപയില്‍ നിന്ന് 34.48 ശതമാനം വര്‍ധിച്ച് 3,012 കോടി രൂപയായി. ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.സാങ്കേതികമായി എഴുതിതള്ളിയ വായ്പകള്‍ ഉള്‍പ്പെടെ, കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പായ പ്രൊവിഷണല്‍ കവറേജ് അനുപാതം (Provisional Coverage Ratio) 76.78 ശതമാനമാണ്.
നാലാം പാദത്തിലെ പ്രകടനം
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ ലാഭം 22.74 ശതമാനം ഉയര്‍ന്ന് 333.89 കോടി രൂപയായി. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 287.94 കോടി രൂപയില്‍ നിന്ന് 95.02 ശതമാനം ഉയര്‍ന്ന് 561.55 കോടി രൂപയിലെത്തി.
അറ്റ പലിശ മാര്‍ജിന്‍ (NIM) 3.52 ശതമാനത്തില്‍ നിന്ന് നേരിയ വര്‍ധനയോടെ 3.67 ശതമാനമായി. അറ്റപലിശ വരുമാനം (NII) ഇക്കാലയളവില്‍ 3.88 ശതമാനം ഉയര്‍ന്ന് 857.18 കോടി രൂപയുമായി.
നിക്ഷേപവും വായ്പയും
നിക്ഷേപങ്ങളിലും വായ്പകളിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കറന്റ്, സേവിംഗ് (CASA) നിക്ഷേപങ്ങളില്‍ രണ്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായത്. ചില്ലറ നിക്ഷേപങ്ങള്‍ 5.36 ശതമാനം വളര്‍ച്ചയോടെ 89,615 കോടി രൂപയിലെത്തി. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ മൂന്ന് ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.
മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 17 ശതമാനം വളര്‍ച്ച നേടി.വായ്പകള്‍ മുന്‍ വര്‍ഷത്തെ 61,816 കോടി രൂപയില്‍ നിന്ന് 72,092 കോടി രൂപയായി ഉയര്‍ന്നു. കോര്‍പ്പറേറ്റ് വിഭാഗത്തിലെ വായ്പകളില്‍ 39 ശതമാനമാണ് വര്‍ധന. വ്യക്തിഗത വായ്പകളില്‍ 116 ശതമാനവും സ്വര്‍ണ വായ്പകളില്‍ 28.26 ശതമാനവും വര്‍ധനയുണ്ട്.
ഓഹരിയൊന്നിന് 30ശതമാനം ഡിവിഡന്റിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് ഡിവിഡന്റ് പ്രഖ്യാപിച്ചത്. 25 ശതമാനമായിരുന്നു ഡിവിഡന്റ്.