സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂന്നാംപാദ ലാഭം 197 ശതമാനം വര്‍ധിച്ചു; ഓഹരി ആറ് വര്‍ഷത്തെ ഉയര്‍ച്ചയില്‍

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 305.36 കോടി രൂപ ലാഭം രേഖപ്പെടുത്തി (Net Profit). മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 102.75 കോടിയേക്കാള്‍ 197.19 ശതമാനവും ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ (QoQ) 103 കോടി രൂപയേക്കാള്‍ 11 ശതമാനവും കൂടുതലാണിത്.

ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 1,76,841 കോടി രൂപയായി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 203.24 കോടി രൂപയില്‍ നിന്ന് 483.45 കോടി രൂപയായും വര്‍ധിച്ചു. 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മൊത്ത വരുമാനം (Total Income) സെപ്റ്റംബര്‍പാദത്തിലെ 1,186 കോടി രൂപയില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 1,271 കോടി രൂപയായി. 2022-23 സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ 791 കോടി രൂപയേക്കാള്‍ 61 ശതമാനം അധികമാണിത്.
നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 5.48 ശതമാനത്തില്‍ നിന്ന് 4.74 ശതമാനമാനത്തിലേക്കും
അറ്റ നിഷ്‌ക്രിയ ആസ്തി 2.26 ശതമാനത്തില്‍ നിന്ന് 1.61 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു. കഴിഞ്ഞ ജൂലൈ-സെപ്റ്റംബറില്‍ ജി.എന്‍.പി.എ 4.96 ശതമാനവും എന്‍.എന്‍.പി.എ 1.70 ശതമാനവുമായിരുന്നു. ഓഹരികളിന്മേലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 6.42 ശതമാനത്തില്‍ നിന്നും 16.38 ശതമാനമായി ഉയര്‍ന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.39 ശതമാനത്തില്‍ നിന്നും 1.07 ശതമാനമായും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ നീക്കിയിരുപ്പ് അനുപാതം 77.97 ശതമാനമാക്കിയും മെച്ചപ്പെടുത്തി.
വായ്പകളും നിക്ഷേപങ്ങളും
ബാങ്കിന്റെ മൊത്തം വായ്പാ വിതരണം 10.80 ശതമാനം വളര്‍ച്ചയോടെ 70,117 കോടി രൂപയില്‍ നിന്നും 77,686 കോടി രൂപയിലെത്തി. കോര്‍പറേറ്റ് വായ്പകള്‍ 34.81 ശതമാനം വാര്‍ഷിക വര്‍ധനയോടെ 22,174 കോടി രൂപയില്‍ നിന്നും 29,892 കോടി രൂപയിലെത്തി. ഈ വിഭാഗത്തില്‍ 96 ശതമാനവും ഉയര്‍ന്ന റേറ്റിംഗ് ('എ' അല്ലെങ്കില്‍ അതിനു മുകളില്‍) ഉള്ള അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകള്‍ 1,609 കോടി രൂപയില്‍ നിന്ന് 2,186 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 13,053 കോടി രൂപയില്‍ നിന്ന് 15,369 കോടി രൂപയായും വര്‍ധിച്ചു. 17.74 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച. 3.77 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ 1,427 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു.
ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 27,964 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 2.83 ശതമാനം വര്‍ധിച്ചു. സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 2.81 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തില്‍ 2.96 ശതമാനവുമാണ് വര്‍ധന.
അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ 3.52 ശതമാനത്തില്‍ നിന്ന് 3.19 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഒരു ശതമാനം ഇടിഞ്ഞ് 819 കോടി രൂപയായി.
ബാങ്ക് പിന്തുടരുന്ന തന്ത്രങ്ങള്‍ ബിസിനസില്‍ മികച്ച പ്രകടനം സഹായിച്ചുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു. കോർപ്പറേറ്റ്, എസ്.എം.ഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകള്‍ വിതരണം ചെയ്യാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
15.60 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം. ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി ഒ.എസ്.എല്ലിന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങള്‍.
ഓഹരി കുതിപ്പില്‍
മികച്ച പാദഫലങ്ങളെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളിന്ന് ആറ് വര്‍ഷത്തെ ഉയരത്തിലെത്തി. ബി.എസ്.ഇയില്‍ 13 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വ്യാപാരാന്ത്യം 8 ശതമാനത്തിലധികം ഉയര്‍ന്ന് 31.93 രൂപയിലാണുള്ളത്.
ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതാണ് ഓഹരിക്ക് അനുകൂലമായത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 237.7 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 68.39 ശതമാനവുമാണ് ഓഹരിയുടെ ഉയര്‍ച്ച. മൂന്നു മാസക്കാലത്തെ വളര്‍ച്ച 18 ശതമാനവും. 2023 മാര്‍ച്ചില്‍ 13.79 രൂപ വരെ താഴ്ന്ന ഓഹരിയാണ് ഇപ്പോള്‍ തിരിച്ചു കയറി പുതിയ ഉയരങ്ങള്‍ താണ്ടിയിരിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it