Begin typing your search above and press return to search.
അവകാശ ഓഹരികളിറക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക് ₹1,750 കോടി സമാഹരിക്കും
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank/SIB) അവകാശ ഓഹരികളിറക്കി (Rights Issue) 1,750 കോടി രൂപ സമാഹരിക്കും. ഇതിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കി.
യോഗ്യരായ നിലവിലെ ഓഹരി ഉടമകള്‍ക്കാണ് (eligible shareholders) അവകാശ ഓഹരി ലഭ്യമാക്കുക. അവകാശ ഇഷ്യൂ പുറത്തിറക്കുന്നതിന്റെ സമയം, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ പിന്നീട് വ്യക്തമാക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
എന്താണ് അവകാശ ഓഹരി?
യോഗ്യരായ നിലവിലെ ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ പുതിയ ഓഹരികള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാവുന്ന അവസരമാണ് അവകാശ ഓഹരികളുടെ (Rights Issue) പുറത്തിറക്കല്‍. ഇതുവഴി സമാഹരിക്കുന്ന തുക ബാങ്ക് പ്രധാനമായും മൂലധന ആവശ്യങ്ങള്‍ക്കായാകും പ്രയോജനപ്പെടുത്തുക.
ഓഹരികളില്‍ ഉണര്‍വ്
അവകാശ ഓഹരികളിലൂടെ പണം സമാഹരിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നേറ്റം നടത്തി. ഒരുവേള മൂന്ന് ശതമാനം കുതിപ്പുമായി ഓഹരി വില 27.45 രൂപയിലെത്തി.
നിലവില്‍ 0.38 ശതമാനം ഉയര്‍ന്ന് 26.75 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 48 ശതമാനവും ആറ് മാസത്തിനിടെ 50 ശതമാനവും നേട്ടം (Return) സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ നല്‍കിയിട്ടുണ്ട്. 9 ശതമാനമാണ് കഴിഞ്ഞ ഒരുമാസത്തെ വളര്‍ച്ച. ഒരുവര്‍ഷം മുമ്പ് 13.75 രൂപവരെ താഴ്ന്ന വിലയാണ് ഇന്ന് 27.45 രൂപവരെ എത്തിയത്.
Next Story
Videos