തകര്‍ന്ന് സിലിക്കണ്‍ വാലി ബാങ്ക്; മറ്റൊരു ആഗോളമാന്ദ്യത്തിന്റെ തുടക്കമോ?

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിലിക്കണ്‍ വാലി ബാങ്കിന്റെ സി.ഇ.ഒ ഗ്രെഗ് ബെക്കര്‍ നിക്ഷേപരോട് അഭ്യര്‍ത്ഥിച്ചത് - ''കേട്ടുകേള്‍വികളില്‍ വിശ്വസിക്കരുത്. എല്ലാവരുടെയും നിക്ഷേപം സുരക്ഷിതമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല''.

വെറും രണ്ട് ദിവസം പിന്നിട്ടതേയുള്ളൂ, ബാങ്കിന്റെ സാമ്പത്തികസ്ഥിതിയില്‍ ആശങ്കപ്പെട്ട ഉപഭോക്താക്കള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിച്ചു, അതോടെ ബാങ്കിന് പൂട്ടും വീണു. സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്.വി.ബി) വീഴ്ച പെട്ടെന്നായിരുന്നെങ്കിലും അതിനുള്ള കാരണത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്.

സിലിക്കണ്‍ വാലി ബാങ്ക്

സ്റ്റാര്‍ട്ടപ്പുകളുടെയും ടെക് കമ്പനികളുടെയും ആഗോള ഹബ്ബായ കാലിഫോര്‍ണിയയാണ് സിലിക്കണ്‍ വാലി ബാങ്കിന്റെ ആസ്ഥാനം. പേര് സൂചിപ്പിക്കും പോലെ സിലിക്കണ്‍ വാലി കമ്പനികള്‍ക്കും ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സേവനം നല്‍കുന്ന ബാങ്കായിരുന്നു ഇത്. അമേരിക്കയില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ പിന്തുണയുള്ള പാതിയോളം ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കഴിഞ്ഞവര്‍ഷം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയ 44 ശതമാനത്തോളം ടെക്, ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കും സേവനം നല്‍കിയിരുന്നത് എസ്.വി.ബിയാണെന്ന് ബാങ്കിന്റെ തന്നെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചുപ്രകാരം 19,800 കോടി ഡോളറിന്റെ (ഏകദേശം 16.22 ലക്ഷം കോടി രൂപ) ഉപഭോക്തൃ നിക്ഷേപം ബാങ്കിലുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിലെ നിക്ഷേപത്തിന് തുല്യം.
പതനത്തിന് പിന്നില്‍
2020ലും 2021ലും അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് റെക്കോഡ് ധന സമാഹരണമാണ്. ഇത് എസ്.വി.ബിയില്‍ നിക്ഷേപം വന്‍തോതില്‍ കൂടാന്‍ വഴിയൊരുക്കി. 1.75 ശതമാനം വാര്‍ഷിക ആദായം (റിട്ടേണ്‍) പ്രതീക്ഷിച്ച് ഈ നിക്ഷേപത്തിലെ മുന്തിയ പങ്കും ദീര്‍ഘകാല അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലും (കടപ്പത്രം) ഭവന വായ്പാധിഷ്ഠിത ബോണ്ടുകളിലും നിക്ഷേപിക്കുകയാണ് ബാങ്ക് ചെയ്തത്.
എന്നാല്‍, ദീര്‍ഘകാല അമേരിക്കന്‍ ട്രഷറി ബോണ്ടിലെ നിക്ഷേപം അബദ്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് 2022ലും തുടര്‍ന്നും ബാങ്ക് നേരിട്ടത്. പരിധിവിട്ടുയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിത്തുടങ്ങി. രാജ്യത്തെ പണലഭ്യതയും ഫെഡറൽ റിസർവ് കടുപ്പിച്ചതോടെ ദൈനംദിന ആവശ്യങ്ങൾക്ക് ഫണ്ട് ഉറപ്പാക്കാൻ സ്റ്റാർട്ടപ്പുകൾ ബാങ്കിലെ നിക്ഷേപം പിന് വലിക്കുകയായിരിരുന്നു.
നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനായി മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് നഷ്ടം സഹിച്ച് ദീര്‍ഘകാല അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കേണ്ടിവന്നതും എസ്.വി.ബിക്ക് തിരിച്ചടിയായി.
ഒഴിവാക്കാമായിരുന്ന വീഴ്ച
ഉപഭോക്തൃ നിക്ഷേപത്തിലെ വലിയപങ്കും ദീര്‍ഘകാല ട്രഷറി ബോണ്ടിലേക്ക് മാറ്റിയില്ലായിരുന്നുവെങ്കില്‍ എസ്.വി.ബിക്ക് തകര്‍ച്ച ഒഴിവാക്കാമായിരുന്നു. അത് ലളിതമായി ഒരു ഉദാഹരണ ത്തിലൂടെ ഞാന്‍ വിശദീകരിക്കാം:
2021ല്‍ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് പൂജ്യം ശതമാനത്തിനടുത്തായിരുന്നു. അക്കാലയളവില്‍ എസ്.വി.ബി 100 ഡോളര്‍ 1.5 ശതമാനം വാര്‍ഷിക പലിശയ്ക്ക് 10-വര്‍ഷ അമേരിക്കന്‍ ദീര്‍ഘകാല ട്രഷറി ബോണ്ടില്‍ നിക്ഷേപിച്ചുവെന്നിരിക്കട്ടെ. അതായത്, ഈ പത്തുവര്‍ഷ കാലത്ത് പ്രതിവര്‍ഷം 1.5 ശതമാനം വീതം പലിശയും ഒപ്പം മെച്യൂരിറ്റി കാലയളവില്‍ അടിസ്ഥാന നിക്ഷേപമായ (പ്രിന്‍സിപ്പല്‍ എമൗണ്ട്) 100 ഡോളറും ബാങ്കിന് തിരികെ ലഭിക്കണം.
എന്നാല്‍, സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ച് തുടങ്ങിയ പശ്ചാത്തലത്തില്‍ അവര്‍ക്ക് പണം തിരികെ കൊടുക്കാന്‍ മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് ട്രഷറി ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ എസ്.വി.ബി നിര്‍ബന്ധിതരായി. എന്നാല്‍, അടിസ്ഥാന പലിശനിരക്കില്‍ വലിയ മാറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ബോണ്ട് നിക്ഷേപം കാലാവധിക്ക് മുമ്പ് പിന്‍വലിക്കേണ്ടി വരുന്നത് കനത്ത നഷ്ടത്തിന് വഴിയൊരുക്കും.
2022ല്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് 4.5 ശതമാനമാണ്. ഈ സാഹചര്യത്തിൽ നൂറു ഡോളറിന്റെ പുതിയ 10-വര്‍ഷ
ട്രഷറി ബോണ്ടിനു 3.5 ശതമാനം പലിശ ലഭിക്കാൻ തുടങ്ങി. ഇതോടെ എസ്.വി.ബിയുടെ കൈയിലുണ്ടായിരുന്ന 1.5 ശതമാനം പലിശയുള്ള ബോണ്ടുകളുടെ വില ഇടിയുകയായിരുന്നു.
ഇതോടെ 30 ശതമാനം വരെ നഷ്ടം ചില ബോണ്ടുകളിൽ ബാങ്കിനുണ്ടായി. കഴിഞ്ഞവാരം 2100 കോടി ഡോളറിന്റെ ബോണ്ടുകളും ബാങ്ക് വിറ്റഴിച്ചിരുന്നു. ഈ ഇടപാടില്‍ 180 കോടി ഡോളറിന്റെ നഷ്ടവും ബാങ്കിനുണ്ടായി.
ഉപഭോക്താക്കളുടെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ എസ്.വി.ബി വലിയ പ്രയാസം നേരിടുന്നതായി ഇതോടെ വിലയിരുത്തപ്പെട്ടു. ഇതില്‍ ആശങ്കപ്പെട്ട് ഉപഭോക്താക്കള്‍ ബാങ്കിലെ നിക്ഷേപം പൂര്‍ണമായും പിന്‍വലിച്ച് തുടങ്ങിയതോടെ ബാങ്ക് തകരുകയായിരുന്നു. ബാങ്കിന് പൂട്ടിടാന്‍ റെഗുലേറ്റര്‍മാരും നിര്‍ബന്ധിതരായി.
ഇടപെട്ട് എഫ്.ഡി.ഐ.സി
അമേരിക്കയിലെ ബാങ്കിംഗ് റെഗുലേറ്റര്‍മാരായ ദ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്.ഡി.ഐ.സി) എസ്.വി.ബിയുടെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നിക്ഷേപം പൂര്‍ണമായും തിരിച്ചുനല്‍കുമെന്ന ഉറപ്പും എഫ്.ഡി.ഐ.സി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതിന് കൃത്യമായ സമയമൊന്നും എഫ്.ഡി.ഐ.സി ഉറപ്പുനല്‍കിയിട്ടുമില്ല.
ആവര്‍ത്തിക്കുമോ 2008?
2008-09 കാലയളവിലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് സമാനമായ സ്ഥിതിയിലേക്ക് എസ്.വി.ബിയുടെ പ്രതിസന്ധിയെത്തില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോളതലത്തില്‍ ഇത് വെല്ലുവിളിയാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
എന്നാല്‍, എസ്.വി.ബി നേരിട്ടതിന് സമാനമായ പ്രതിസന്ധി മറ്റ് നിരവധി ബാങ്കുകളും അഭിമുഖീകരിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ബോണ്ടുകള്‍ നഷ്ടം സഹിച്ചു കുറഞ്ഞ വിലയ്ക്ക് കൈവശം വെക്കേണ്ട സ്ഥിതിയാണുള്ളത്.
പ്രതിസന്ധി നീണ്ടാല്‍, ശക്തമായ അടിസ്ഥാന മൂലധന അടിത്തറയില്ലാത്ത ചെറുബാങ്കുകള്‍ക്കെല്ലാം എസ്.വി.ബിയുടെ ഗതിയുണ്ടാകും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത്തരം വീഴ്ചകള്‍ ഉടനെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യയെ ബാധിക്കുമോ?
എസ്.വി.ബി സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കില്ല. എന്നാല്‍, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ചെറിയ പ്രതിസന്ധിയുണ്ടായേക്കാം. കാരണം, 21 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ എസ്.വി.ബിക്ക് നിക്ഷേപമുണ്ടെന്ന് ട്രാക്ഷന്‍ ഡേറ്റ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, എത്രയാണ് നിക്ഷേപമെന്നോ ഇപ്പോഴും നിക്ഷേപകരായി ബാങ്ക് തുടരുകയാണോ എന്നും വ്യക്തമല്ല. പേടിഎമ്മിലെ ആദ്യകാല നിക്ഷേപകരിലൊന്നായിരുന്നു എസ്.വി.ബിയെന്നും പിന്നീടവര്‍ നിക്ഷേപം പൂര്‍ണമായി പിന്‍വലിച്ചുവെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു.
ഇനി എന്ത്?
ഈ പ്രതിസന്ധികള്‍ക്കെല്ലാം മുഖ്യ ഉത്തരവാദി ഫെഡറല്‍ റിസര്‍വാണെന്ന് നമുക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും. 3 വര്‍ഷം മുമ്പ് രാജ്യത്തെ ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കുകയും ഇപ്പോള്‍ പലിശനിരക്ക് കുത്തനെ കൂട്ടി പണം കൂട്ടത്തോടെ പിന്‍വലിക്കപ്പെടാന്‍ ഇടവരുത്തുകയും ചെയ്തത് ഫെഡറല്‍ റിസര്‍വാണ്.
ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കേണ്ട ബാദ്ധ്യതയും ഫെഡറല്‍ റിസര്‍വിന് തന്നെയാണ്. ഇതിനായി പലിശനിരക്ക് വൈകാതെ ഫെഡറല്‍ റിസര്‍വിന് കുറയ്‌ക്കേണ്ടി വന്നേക്കാം. അതേസമയം, പലിശകുറച്ചാല്‍ പണപ്പെരുപ്പത്തിന് എതിരെയുള്ള പോരാട്ടത്തെ അതെങ്ങനെ ബാധിക്കുമെന്നത് മറ്റൊരു വിഷയമാണ്.
Sanjay Abraham
Sanjay Abraham  

Related Articles

Next Story

Videos

Share it