രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഉള്ളത് വലിയ സാധ്യതകള്‍

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക് വലിയ സാധ്യതകളാണുള്ളതെന്ന് എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്‌നായിക്ക്. ഇന്ത്യയില്‍ 140 കോടിയിലേറെ ജനങ്ങളുണ്ടെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ വളരെ കുറവാണ്. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാന്‍ തുടങ്ങിയവയ്ക്ക് വലിയ വിടവാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് അവരുടെ ആവശ്യങ്ങള്‍ നേടാന്‍ മാത്രം പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദാഹരണത്തിന് 10 ലക്ഷം കവറേജ് വേണ്ട സ്ഥാനത്ത് 1.7 ലക്ഷത്തിന്റെ കവറേജ് മാത്രമാണ് ആളുകള്‍ എടുക്കുന്നതെന്നും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കേരളം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്

ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ 'ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാജ്യത്തെ ബാങ്കുകളുടെ ഭാവി BRIGHT ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അനുസൃതമായി ബാങ്കുകള്‍ കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.


കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തി. അവാര്‍ഡ് നൈറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി മുഖ്യാതിഥിയായി. ചടങ്ങില്‍ 300 ഓളം പേര്‍ പങ്കെടുത്തു.

പ്രമുഖര്‍ പങ്കെടുത്തു

മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും സ്ഥാപകനുമായ സൗരഭ് മുഖര്‍ജി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ആംഫി ചീഫ് എക്സിക്യൂട്ടിവ് എന്‍ എസ് വെങ്കിടേഷ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.


കൂടാതെ ഏണ്സറ്റ് & യംഗ് അസോസിയേറ്റ് പാര്‍ട്ണര്‍ രാജേഷ് നായര്‍, വര്‍മ&വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സതീഷ് മേനോന്‍, ഡിബിഎഫ്എസ് എംഡിയും സിഇഒയുമായ പ്രിന്‍സ് ജോര്‍ജ്, അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സാരഥി ഉത്തര രാമകൃഷ്ണന്‍, ദുബായ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ പ്രൊഫ. ഉജ്ജ്വല്‍ കെ ചൗധരി, എസ്പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് ഫാക്കല്‍റ്റി ഡോ. അനില്‍ ആര്‍ മേനോന്‍, കെ വെങ്കിടാചലം അയ്യര്‍ & കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

അവാര്‍ഡ് നിശ

അവാര്‍ഡ് നിശയില്‍ വെച്ച് ധനം ബിഎഫ്എസ്ഐ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ധനം പി എസ് യു ബാങ്ക് ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരം ബാങ്ക് ഓഫ് ബറോഡയ്ക്കും ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരം ആക്സിസ് ബാങ്കിനും സ്മ്മാനിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ( വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍ 2022 - കേരള ബിഎഫ്എസ്ഐ സെഗ്്മെന്റ്), മുത്തൂറ്റ് ഫിനാന്‍സ് (ധനം എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ 2022) എന്നിവ കരസ്ഥമാക്കി.


എസ് ബി ഐ മ്യൂച്വല്‍ ഫണ്ട് ( ധനം ബെസ്റ്റ് സെല്ലിംഗ് മ്യൂച്വല്‍ ഫണ്ട് കമ്പനി ഓഫ് ദി ഇയര്‍ 2022 - കേരള), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( ധനം ലാര്‍ജസ്റ്റ് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ ഓഫ് ദി ഇയര്‍ 2022 - കേരള), എല്‍ഐസി ഓഫ് ഇന്ത്യ ( ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2022), ന്യൂ ഇന്ത്യ അഷ്വറന്‍സ് (ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2022) എന്നിവയാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. എല്‍ഐസി മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ടി സി സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it