നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പിടിക്കാന്‍ റിസര്‍വ് ബാങ്ക്; രണ്ട് ബാങ്കുകള്‍ക്ക് 2.91 കോടി പിഴ

ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ 2.91 കോടി രൂപയാണ് പിഴചുമത്തിയത്. ആക്‌സിസ് ബാങ്ക് 1.91 കോടി രൂപയും എച്ച്.ഡി.എഫ്.സി ബാങ്ക് ഒരു കോടി രൂപയും അടക്കണം. നിക്ഷേപങ്ങള്‍ക്കുള്ള പലിശ, അക്കൗണ്ട് ഉടമകളുടെ പ്രാഥമിക വിവരങ്ങള്‍, കാര്‍ഷിക വായ്പകള്‍ക്കുള്ള ഈടുകള്‍ എന്നിവ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും ഈ ബാങ്കുകള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

യോഗ്യതയില്ലാത്തവര്‍ക്ക് അക്കൗണ്ട്

2023 മാര്‍ച്ച് 31 വരെയുള്ള ആക്‌സിസ് ബാങ്കിന്റെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് റിസര്‍വ് ബാങ്ക് ചട്ടലംഘനം കണ്ടെത്തിയത്. യോഗ്യതയില്ലാത്തവര്‍ക്ക് ബാങ്കില്‍ അക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ചില അക്കൗണ്ട് ഉടമകള്‍ക്ക് ഒന്നിലേറെ കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡുകള്‍ നല്‍കിയതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ഒരു അക്കൗണ്ട് ഉടമക്ക് ഒരു യുണീക്ക് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡ് മാത്രമേ നല്‍കാവൂ എന്നാണ് ചട്ടം. 1.6 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഇടപാടുകാരില്‍ നിന്ന് വസ്തു ജാമ്യം വാങ്ങിയതായും പരിശോധനയില്‍ കണ്ടെത്തി. ഇതും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ആക്‌സിസ് ബാങ്കിന്റെ ഒരു സഹസ്ഥാപനം സാങ്കേതിക മേഖലയില്‍ സേവന ദാതാവായി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ബാങ്കിംഗ് കമ്പനികള്‍ക്ക് അനുവദനീയമല്ലാത്തതാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് ആക്‌സിസ് ബാങ്കിന് നല്‍കിയ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്ന കാര്യങ്ങള്‍, പിഴ ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി.

നിക്ഷേപകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്

എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ബാങ്കിംഗ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. യോഗ്യതയില്ലാത്തവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നല്‍കിയതായും എച്ച്.ഡി.എഫ്.സി ബാങ്ക് രേഖകളില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. അസമയങ്ങളില്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതും ഈ ബാങ്കിനെതിരെ നടപടിക്ക് കാരണമായിട്ടുണ്ട്. രാത്രി ഏഴു മണിക്ക് ശേഷവും രാവിലെ ഏഴു മണിക്ക് മുമ്പും ബാങ്കില്‍ നിന്ന് ഇടപാടുകാരെ വിളിക്കരുതെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. ബാങ്കുകള്‍ക്കെതിരായ നടപടി, നിര്‍ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്നും മറ്റു സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചല്ലെന്നും റിസര്‍വ്വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it