എല്‍.ഐ.സിയുടെ വിപണിവിഹിതം ഇടിയുന്നു; സ്വകാര്യ കമ്പനികള്‍ മുന്നേറുന്നു

പുതിയ ബിസിനസ് പ്രീമിയത്തില്‍ (New Business Premium/NBP) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിപണി വിഹിതം സെപ്റ്റംബറില്‍ 58.50 ശതമാനമായി കുറഞ്ഞു. 2022 സെപ്റ്റംബറിലെ 68.25 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമാണ് ഇടിഞ്ഞത്. പുതിയ ഉത്പന്നങ്ങളിലും വിതരണത്തിലുമുണ്ടായ കുറവാണ് പ്രീമിയത്തെ ബാധിച്ചത്. അതേസമയം, ഓഗസ്റ്റിലെ 57.37 ശതമാനം വിപണി വിഹിതവുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട 2023 സെപ്റ്റംബറിലെ കണക്ക് പ്രകാരം എല്‍.ഐ.സിയുടെ പുതിയ ബിസിനസ് പ്രീമിയം 92,462.62
കോടി രൂപയാണ്
. മുന്‍വര്‍ഷം സമാന മാസത്തിലിത് 1.25 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ ഫലമായി ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിയുടെ മൊത്തം എന്‍.ബി.പി ആദ്യ ആറുമാസക്കാലയളവില്‍ 13 ശതമാനം കുറഞ്ഞ് 1.59 ലക്ഷം കോടി രൂപയായി.
ഡിവിഡന്‍ഡ്, ബോണസ് എന്നിങ്ങനെ പോളിസി ഉടമകളുമായി ലാഭം പങ്കുവയ്ക്കുന്ന ഉത്പന്നങ്ങളുടെ (Participatory Products) വില്‍പ്പന കുറഞ്ഞതും മത്സരക്ഷമമായ നോണ്‍ പാര്‍ട്ടിസിപ്പേറ്ററി ഉത്പന്നങ്ങളുടെ അഭാവവും കൂടാതെ ഉത്പന്നത്തിന്റെ ഫീച്ചറുകളിലും വിലയിലും മാറ്റം കൊണ്ടു വന്നതുമാണ് എല്‍.ഐ.സിയുടെ വിപണി വിഹിതത്തെ ബാധിച്ചതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
സ്വകാര്യ കമ്പനികള്‍ മുന്നേറി
അതേസമയം, സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി പങ്കാളിത്തത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ട്. 2022 സെപ്റ്റംബറിലെ 31.75 ശതമാത്തില്‍ നിന്ന് 2023 സെപ്റ്റംബറില്‍ വിപണി വിഹിതം 41.50 ശതമാനമായി ഉയര്‍ന്നു.
പുതിയ ബിസിനസ് പ്രീമിയത്തില്‍ എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സിന്റെ വിഹിതം 6.07 ശതമാനത്തില്‍ നിന്ന് 8.31 ശതമാനവും എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സിന്റേത് 7.19 ശതമാനത്തില്‍ നിന്ന് 10.27 ശതമാനവുമായി.
ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണി വിഹിതം മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ട്.

96 ശതമാനവും ഏജന്റുമാര്‍ വഴി

2022-23 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എല്‍.ഐ.സിക്ക് 16 പാര്‍ട്ടിസിപ്പേറ്റിംഗ് ഉത്പന്നങ്ങളും 20 നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ഉത്പന്നങ്ങളും 11 ഗ്രൂപ്പ് ഉത്പന്നങ്ങളും 8 റൈഡറുകളുമാണുള്ളത്. പുതിയ പോളിസികളില്‍ 94.39 ശതമാനം പോളിസികളും പാര്‍ട്ടിസിപ്പേറ്റിംഗ് ആയിരുന്നു 5.16 ശതമാനം മാത്രമാണ് നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ഉത്പന്നങ്ങളുള്ളത്.

യുവാക്കള്‍ കൂടുതലും ഓണ്‍ലൈന്‍ വഴി പോളിസികളെടുക്കാന്‍ ആഗ്രഹിക്കുന്ന കാലഘട്ടത്തില്‍ ഏജന്റുമാരെ ആശ്രയിച്ചാണ് പോളിസി വില്‍പനയെന്നതാണ് എല്‍.ഐ.സിക്ക് തിരിച്ചടിയായതെന്ന് ചില അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ഈ വാദം അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ നാഷണല്‍ സെക്രട്ടറി ജനറൽ തോന്നക്കല്‍ രാമചന്ദ്രന്‍ 'ധനംഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു. എല്‍.ഐ.സിയുടെ ശക്തി അടിസ്ഥാനപരമായി തന്നെ ഏജന്റുമാരാണ്. ഈ പ്രസ്ഥാനത്തെ വളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചവരും സ്ഥാപനത്തിന്റെ നെടുംതൂണുമാണ് ഏജന്റുമാര്‍. വിപണിവിഹിതം കുറയാന്‍ കാരണം ഏജന്റുമാരെ ആശ്രയിക്കുന്നതാണെന്ന അനലിസ്റ്റുകളുടെ വാദം അതിനാല്‍ ശരിയല്ലെന്നും വിപണിവിഹിതം വളര്‍ത്താന്‍ പിന്തുണയ്ക്കുകയാണ് ഏജന്റുമാര്‍ ചെയ്തിട്ടുള്ളതെന്നും തോന്നക്കല്‍ രാമചന്ദ്രന്‍ പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ എല്‍.ഐ.സിയുടെ ആദ്യ വര്‍ഷ പ്രീമിയത്തിന്റെ 96 ശതമാനവും നേടിയത് ഏജന്റുമാരും ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാരും വഴിയായിരുന്നു. പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 18-20 ശതമാനം പ്രീമിയം മാത്രമാണ് ഏജന്റുമാര്‍ വഴി നേടിയത്.
Related Articles
Next Story
Videos
Share it