Begin typing your search above and press return to search.
വിദ്യാഭ്യാസ വായ്പയെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വിദേശ വിദ്യാഭ്യാസം മാത്രമല്ല മികച്ച കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസ വായ്പ ഒഴിവാക്കാനാകില്ല. ഇന്ന് ഏത് കോഴ്സിനു വേണ്ടിയും വായ്പ നല്‍കാന്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ തയാറാണ്. ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ താമസം, പുസ്തകങ്ങള്‍ തുടങ്ങി കംപ്യൂട്ടര്‍ വാങ്ങാന്‍ വരെ വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്. എന്നാല്‍ വായ്പ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയറിയാതെ ലോണ്‍ അപേക്ഷകള്‍ക്ക് മുതിരരുത്.
വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് തന്നെ അതാത് ബാങ്കിന്റെ യോഗ്യതാ മാനദണ്ഡങ്ങളും മറ്റു വ്യവസ്ഥകളും പൂര്‍ണമായി വായിച്ച് മനസ്സിലാക്കുക.
നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍/പൗര ആയിരിക്കണമെന്നും വിദ്യാഭ്യാസം നേടുന്നത് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആയിരിക്കണമെന്നുമാണ് പ്രധാനം.
വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ പൊതുവേ വരുമാനക്കാര്‍ അല്ലാത്തതു കൊണ്ട് കുടുംബത്തിലെ വരുമാനമുള്ള ആള്‍ കോ അപ്ലിക്കന്റ് ആയിരിക്കണം. നാലു ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കും.
കൂടുതല്‍ വായ്പ വേണമെങ്കില്‍ കോ അപ്ലിക്കന്റിന്റെ വരുമാനം മതിയാകാതെ വരുന്ന അവസരത്തില്‍ ബാങ്കുകള്‍ ഈട് ചോദിക്കാം.
വായ്പകളെല്ലാം ഇഎംഐ, കാലയളവ് എന്നിവ കണക്കാക്കി താരതമ്യം ചെയ്തു നോക്കുക. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന കോഴ്സിനുള്ള വായ്പയുടെ പലിശ നിരക്കും തിരിച്ചടവ് കാലാവധിയുമെല്ലാം അറിഞ്ഞിരിക്കണം. നാലു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് സാധാരണ മൂന്നു വര്‍ഷ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. 7-15 ശതമാനം പലിശ നിരക്കും. കൂടുതല്‍ ഉയര്‍ന്ന തുകയക്ക് കൂടുതല്‍ തിരിച്ചടവ് കാലാവധി ലഭിച്ചേക്കാം.
തിരിച്ചടവ് ബാക്കിയുള്ള മറ്റു വായ്പകളുണ്ടോ എന്ന് ബാങ്കുകള്‍ അന്വേഷിക്കും. മാത്രമല്ല, നിലവില്‍ വായ്പ അടച്ചു കൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ തലയില്‍ പുതിയൊരു വായ്പാ ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നതും ശരിയല്ല. അതുകൊണ്ട് ഉന്നത പഠനത്തോടൊപ്പം എന്തെങ്കിലും ജോലി കൂടി നോക്കുന്നത് നല്ലതാകും. വായ്പ കൃത്യമായി തിരിച്ചടയ്ക്കാനും ഈ ജോലി സഹായിക്കും.
നീണ്ട വായ്പാ കാലാവധിയുള്ളവ തെരഞ്ഞെടുക്കുന്നത് ഇഎംഐ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ജോലി ലഭിച്ച് തുടക്കത്തില്‍ വലിയ ശമ്പളം ലഭിക്കണമെന്നില്ല. 10-12 വര്‍ഷ കാലാവധിയുള്ള വായ്പ ലഭിക്കുകയാണെങ്കില്‍ ഇഎംഐ കുറഞ്ഞിരിക്കുമല്ലോ.
പെണ്‍കുട്ടികള്‍ക്ക്, ചില കോഴ്‌സുകള്‍ക്ക്, ചില ഉപരിപഠന സര്‍വകലാശാലകള്‍ക്കൊക്കെ വിവിധ ബാങ്കുകള്‍ ഓഫറോടുകൂടി പ്രത്യേക വായ്പാ പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്. കുറഞ്ഞ പലിശ നിരക്കും സബ്സിഡിയുമൊക്കെയാണ് ഇവയുടെ ആകര്‍ഷണം. ബാങ്കുകളില്‍ ഇത്തരം വായ്പകളെ കുറിച്ച് അന്വേഷിച്ചറിഞ്ഞ് വായ്പയെടുക്കുന്നത് തിരിച്ചടവ് ഭാരം കുറയ്ക്കും.
Next Story
Videos