ജനുവരി 30, 31 ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്കിംഗ് മേഖലയിലെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ജനുവരി 30, 31 എന്നീ തീയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇതോടെ ജനുവരി 30, 31 എന്നീ തീയതികള്‍ ഉള്‍പ്പടെ ദേശസാത്കൃത, സ്വകാര്യ ബാങ്കുകളുടെ എല്ലാ ശാഖകളും തുടര്‍ച്ചയായ നാല് ദിവസം (ജനുവരി 28 -നാലാം ശനി, 29 -ഞായർ, 30, 31- പണിമുടക്ക്) അടഞ്ഞുകിടക്കും.
മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണം ഉണ്ടാകാത്തതിനാലാണ് ഈ തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാങ്ക് സ്വകാര്യവല്‍കരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനെതിരെയായിരുന്നു അന്ന് പ്രതിഷേധമുണ്ടായത്.
ഇത് കൂടാതെ ശനിയും ഞായറും ബാങ്ക് അവധി, പെന്‍ഷന്‍ പുതുക്കല്‍, എല്ലാ കേഡറുകളിലുമുള്ള ആളുകളുടെ റിക്രൂട്ട്മെന്റ് എന്നിവയും മറ്റ് പ്രശ്നങ്ങളും സംഘടന ഉന്നയിച്ചിരുന്നു. പണിമുടക്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സൂചനയുണ്ട്. അതേസമയം ഐഎന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല.