ഗള്‍ഫില്‍ നിന്ന് മൊബൈലില്‍ പണം അയക്കാം; സൗകര്യം ഈ ബാങ്കുകളില്‍; രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ

കേരളത്തിലേക്ക് ഗള്‍ഫ് പണം വരാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും പണമയക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളില്‍ ഗള്‍ഫ് നാടുകള്‍ ഇപ്പോഴും പുറകിലാണ്. ഇന്ത്യയിലെ പോലെ ഗുഗുള്‍ പേ വഴിയോ, മറ്റ് യു.പി.ഐ വഴിയോ നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസി മലയാളികള്‍ക്ക് കഴിയാറില്ല. ബാങ്ക് ചെക്കുകളില്‍ തുടങ്ങി ഇന്റര്‍നെറ്റ്, ബാങ്കുകളുടെ മൊബൈല്‍ ആപ്പ് എന്നിവയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കാനുള്ള മാര്‍ഗങ്ങള്‍. ഇതിനാകട്ടെ ബാങ്ക് അക്കൗണ്ട് നമ്പരുകള്‍, ഐബാന്‍ നമ്പരുകള്‍ തുടങ്ങിയ സങ്കീര്‍ണതകളും ഏറെയാണ്. എന്നാല്‍ സാങ്കേതിക വിദ്യയുടെ അടുത്ത ചുവടിലേക്ക് കടന്നിരിക്കുകയാണ് ബാങ്കിംഗ് മേഖല ഇപ്പോള്‍.

മൊബൈല്‍ നമ്പരിലേക്ക് പണം അയക്കാം

യു.എ.ഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. നാട്ടിലെ ഫോണ്‍ നമ്പരിലോ യു.പി.ഐ ഐഡിയിലോ പണമയക്കാനുള്ള സൗകര്യം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. നാട്ടിലെ ബന്ധുക്കള്‍, സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് പണമയക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എ.ഇയും തമ്മില്‍ യു.പി ഐ ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. ഇതുവഴി ഫോണ്‍പേ, ഭീംപേ, പേടിഎം, ഗൂഗിള്‍പേ എന്നീ ആപ്പുകള്‍ വഴി ഇപ്പോള്‍ പണം നാട്ടിലെ ഫോണ്‍ നമ്പരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ

നാട്ടിലുള്ള എന്‍.ആര്‍.ഐ അല്ലെങ്കില്‍ എന്‍.ആര്‍.ഒ ബാങ്ക് അക്കൗണ്ടില്‍ കെ.വൈ.സി പൂര്‍ത്തീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അക്കൗണ്ട് ഉടമയുടെ യു.എ.ഇയിലെ ഫോണ്‍ നമ്പരും അക്കൗണ്ടില്‍ ചേര്‍ക്കണം. ഇത് ചെയ്തു കഴിഞ്ഞാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ബാങ്ക് വിവരങ്ങളും ഫോണ്‍ നമ്പരും ഒറ്റതവണ നല്‍കണം. ഇതോടെ ഫോണ്‍ വഴി പണമയക്കാനുള്ള സൗകര്യം സജ്ജമാകും. യു.എ.ഇയിലുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്.

സംവിധാനം 12 ബാങ്കുകളില്‍

നിലവില്‍ ഇന്ത്യയിലെ 12 ബാങ്കുകളാണ് യു.എ.ഇയില്‍ നിന്ന് യു.പി.ഐ ഇടപാടിന് സംവിധാനമൊരുക്കിയിട്ടുള്ളത്. ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഡി.ബി.എസ് ബാങ്ക്, ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ഐ.സി,ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ഇന്റസ് ഇന്‍ഡ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണിത്. നാട്ടില്‍ ഈ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ലഭിക്കുക.

Related Articles
Next Story
Videos
Share it