ബാങ്ക് ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ അനിശ്ചിതത്വം; ചര്‍ച്ച തുടരും

ബാങ്ക് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. 15 ശതമാനം ശമ്പള വര്‍ധന അനുവദിക്കാമെന്ന് കഴിഞ്ഞമാസം ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഒട്ടുമിക്ക ബാങ്കുകളും ഏറെക്കാലമായി മികച്ച ലാഭമാണ് രേഖപ്പെടുത്തുന്നതെന്നും ഈ നേട്ടത്തിനായി മുഖ്യപങ്ക് വഹിച്ചത് ജീവനക്കാരാണെന്നും ചൂണ്ടിക്കാട്ടി ശമ്പള വര്‍ധന ഐ.ബി.എ നിര്‍ദേശിച്ചതിലും അധികം വേണമെന്ന് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഒരു ശതമാനം കൂടി കൂട്ടി 16 ശതമാനം ശമ്പള വര്‍ധന നല്‍കാമെന്ന് ഐ.ബി.എ അറിയിച്ചെങ്കിലും ഇതും യു.എഫ്.ബി.യു അംഗീകരിച്ചില്ല.
ശമ്പളം വര്‍ധിക്കും
ബാങ്കുകളില്‍ മിക്കവയും തന്നെ മികച്ച സാമ്പത്തിക ഭദ്രതയിലാണെന്നതിനാല്‍ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. എത്ര വര്‍ധന വേണമെന്നത് സംബന്ധിച്ച് മാത്രമാണ് തര്‍ക്കം. വര്‍ധന സംബന്ധിച്ച് സമവായം കാണാന്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന.
ഇതിന് മുമ്പ് 2020ലാണ് ബാങ്ക് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. അതും മൂന്ന് വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി തന്നെ ഇക്കുറി ശമ്പളം വര്‍ധിപ്പിക്കാനാണ് സാധ്യത. ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസമായി ചുരുക്കുന്നത് സംബന്ധിച്ചും വൈകാതെ തീരുമാനമുണ്ടാകും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it