അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ ഏറെയും ഈ ബാങ്കുകളില്‍; കണ്ടെത്താന്‍ എളുപ്പവഴിയുണ്ട്
ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ സത്യമാണ്. ബാങ്കുകളിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നിക്ഷേപങ്ങള്‍ തിരിച്ചെടുക്കാന്‍ ആളുകളില്ല. 2023 മെയ് ഓടെ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം 42,000 കോടി രൂപയിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സേവിംഗ്സ് എക്കൗണ്ട്, സ്ഥിര നിക്ഷേപം, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ട്. 2019ലെ 18,379 കോടിയുടെ ഇരട്ടിയിലേറെയാണ് നിലവിലെ കണക്ക്.
ക്ലെയിം ചെയ്യപ്പെടാത്ത നക്ഷേപങ്ങളുടെ പരിധിയില്‍ വരുന്നത് എന്തൊക്കെയാണ്? 10 വര്‍ഷമായി ഇടപാടുകള്‍ നടക്കാത്ത സേവിംഗ്സ്, കറന്റ് എക്കൗണ്ടുകള്‍, കാലാവധി കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ക്ലെയിം ചെയ്യപ്പെടാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെയാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്. ഈ തുക ആര്‍ബിഐയ്ക്ക് കീഴിലുള്ള ഡെപ്പോസിറ്റ് എഡ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് (DEA) ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക.
ഇതിനു ശേഷവും നിക്ഷേപകര്‍ക്ക് പണം പലിശ സഹിതം തിരിച്ചെടുക്കാനുള്ള അവസരമുണ്ടെന്നത് നല്ല കാര്യം തന്നെ. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപമായി ഉള്ളത് എസ്ബിഐയിലാണ്. 8,069 കോടി രൂപ. 5,298 കോടി രൂപയുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതുണ്ട്. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐയാണ് മുന്നില്‍. എക്കൗണ്ടുകളില്‍ അവകാശികളെ കാത്ത് ഉള്ളത് 1,074 കോടി രൂപ. 447 കോടി രൂപയുമായി എച്ച്ഡിഎഫ്സിയാണ് രണ്ടാമത്.
നിക്ഷേപകരെ അവരുടെ ബാങ്ക് ബാലന്‍സ് കണ്ടെത്താനും ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന തുക വീണ്ടെടുക്കുന്നതിനും സഹായിക്കുന്നതിനായി വിവിധ ബാങ്കുകളെ കൂട്ടി കേന്ദ്രീകൃത സംവിധാനം എന്ന നിലയില്‍ യുഡിജിഎഎം (UDGAM- Unclaimed Deposits-Gateway to Access Information) എന്ന പേരില്‍ ആര്‍ബിഐ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. എന്നിട്ടും പലരും അത് പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം.
ബാങ്കുകള്‍ ഇടപാടുകാരുമായി നിരന്തരമായി ബന്ധപ്പെടുകയും നിക്ഷേപങ്ങള്‍ പാഴാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ ഇതിന് പരിഹാരം കാണാം.
(ജൂണ്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)