യൂണിയന്‍ ബാങ്കിന് ₹3,236 കോടി ഒന്നാംപാദ ലാഭം, ഇരട്ടി വളര്‍ച്ച

പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് (Union Bank of India) നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 107.67 ശതമാനം വാര്‍ഷിക (YoY/year on year) വളര്‍ച്ചയോടെ 3,236 കോടി രൂപയുടെ ലാഭം (net profit) രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തില്‍ 1,558 കോടി രൂപയായിരുന്നു ലാഭം. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ (QoQ/ quarter on quarter) 2,782 കോടി രൂപയേക്കാള്‍ 16 ശതമാനം അധികവുമാണ് കഴിഞ്ഞപാദ ലാഭം.
പ്രവര്‍ത്തന ലാഭം (operating profit) പാദാടിസ്ഥാനത്തില്‍ 6,823 കോടി രൂപയില്‍ നിന്ന് 5.22 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 5,448 കോടി രൂപയില്‍ നിന്ന് 31.79 ശതമാനവും ഉയര്‍ന്ന് 7,179 കോടി രൂപയായി.
അറ്റ പലിശ വരുമാനം (NII/net interest income) കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 7,582 കോടി രൂപയില്‍ നിന്ന് 16.59 ശതമാനം ഉയര്‍ന്ന് 8,840 കോടി രൂപയായി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 8,251 കോടി രൂപയേക്കാള്‍ 7.14 ശതമാനവും അധികമാണിത്.
അറ്റ പലിശ മാര്‍ജിന്‍ (NIM/net interest margin) വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനത്തില്‍ നിന്ന് 3.13 ശതമാനത്തിലേക്കും മെച്ചപ്പെട്ടതും ബാങ്കിന് നേട്ടമായി. മാര്‍ച്ച്പാദത്തില്‍ ഇത് 2.98 ശതമാനമായിരുന്നു.
വായ്പകള്‍ വര്‍ദ്ധിച്ചതും ഗുണമായി
വായ്പകളിലെ വര്‍ദ്ധനയും കിട്ടാക്കടത്തിലെ കുറവും കഴിഞ്ഞപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാന്‍ ബാങ്കിനെ സഹായിച്ചു. വായ്പകള്‍ (global advances) വാര്‍ഷികാടിസ്ഥാനത്തില്‍ 7.28 ലക്ഷം കോടി രൂപയില്‍ നിന്ന് 12.33 ശതമാനം ഉയര്‍ന്ന് 8.18 ലക്ഷം കോടി രൂപയായി. കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 8.09 ലക്ഷം കോടി രൂപയേക്കാള്‍ 1.06 ശതമാനവും അധികവുമാണിത്.
ആഭ്യന്തര വായ്പകള്‍ (domestic ddvances) കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 7.09 ലക്ഷം കോടി രൂപയേക്കാള്‍ 11.77 ശതമാനം ഉയര്‍ന്ന് 7.93 ലക്ഷം കോടി രൂപയായി. കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 7.85 ലക്ഷം കോടി രൂപയേക്കാള്‍ ഉയര്‍ന്നത് 1.04 ശതമാനം.
റീട്ടെയില്‍, കാര്‍ഷികം, ചെറുകിട-ഇടത്തരം സംരംഭം (എം.എസ്.എം.ഇ/MSME) എന്നിവ ഉള്‍പ്പെടുന്ന റാം (RAM) വായ്പകളിലെ 14.92 ശതമാനം വാര്‍ഷിക വളര്‍ച്ചയും 1.61 ശതമാനം പാദാധിഷ്ഠിത വളര്‍ച്ചയും ബാങ്കിന് ഗുണം ചെയ്തു. മൊത്തം നിക്ഷേപം 11.3 ലക്ഷം കോടി രൂപയാണ്. വാര്‍ഷിക വലര്‍ച്ച 13.6 ശതമാനം; പാദാധിഷ്ഠിത വളര്‍ച്ച 0.92 ശതമാനം.
കിട്ടാക്കടം താഴേക്ക്; ഓഹരി മുന്നോട്ട്
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം/GNPA) അനുപാതം 2022-23 ജൂണ്‍പാദത്തിലെ 10.22 ശതമാനത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 7.34 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ഇത് 7.53 ശതമാനമായിരുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) വാര്‍ഷികാടിസ്ഥാനത്തില്‍ 3.31 ശതമാനത്തില്‍ നിന്നും പാദാടിസ്ഥാനത്തില്‍ 1.70 ശതമാനത്തില്‍ നിന്നും 1.58 ശതമാനമായി കുറഞ്ഞതും നേട്ടമായി.
ആകെ 8,561 ശാഖകളും (വിദേശ ശാഖകള്‍ ഉള്‍പ്പെടെ) 10,195 എ.ടി.എമ്മുകളുമുള്ള ബാങ്കാണ് യൂണിയന്‍ ബാങ്ക്. മികച്ച പ്രവര്‍ത്തനഫല പശ്ചാത്തലത്തില്‍ ഇന്നലെ ബാങ്കിന്റ ഓഹരികളും നേട്ടമുണ്ടാക്കി. ബി.എസ്.ഇയില്‍ 3.84 ശതമാനം ഉയര്‍ന്ന് 90.29 രൂപയാണ് ഓഹരി വില.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it