കേന്ദ്ര ബജറ്റില്‍ ബാങ്കുകള്‍ക്കുമുണ്ട് ഒട്ടേറെ പ്രതീക്ഷകള്‍
കേന്ദ്ര ബജറ്റിനെ ഉറ്റു നേക്കുന്ന ഒരു മേഖലയാണ് ബാങ്കിംഗ്. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങളെ വിവേകപൂര്‍വ്വം പുനഃക്രമീകരിക്കുന്നതിനും അവ നടപ്പാക്കുന്നതിനും കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും സഹായിക്കുന്നു. ഇത് കൃത്യമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരതയിലേക്ക് നയിക്കുന്നതിനും പിന്നീട് സുസ്ഥിരമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനും സഹായിക്കും. അതിനാല്‍ തന്നെ ബാങ്കുകളും 2023 ബജറ്റില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നുണ്ട്.
കേന്ദ്ര ബജറ്റ് ആരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ബാങ്കിംഗ് മേഖല പ്രതീക്ഷിക്കുന്നു. മൂലധന നേട്ട നികുതി നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. മറ്റൊന്ന് ആദായനികുതി ഘടനയിലെ സങ്കീര്‍ണതകള്‍ കുറയ്ക്കുക, അവ കൂടുതല്‍ ലളിതമാക്കുക എന്നതാകും. പ്രത്യക്ഷ നികുതി സ്ലാബ് വര്‍ധനയുണ്ടായേക്കാം.
മുന്‍ഗണയുള്ളവയെ മാറ്റി നിര്‍ത്തി ഇന്ധനം, വളം തുടങ്ങിയ സബ്സിഡികളുടെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ബാങ്കുകള്‍ക്കുണ്ട്. പുതിയ സാങ്കേതികവിദ്യയിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, പ്രവാസികള്‍ക്കായി ആധാറും പാസ്പോര്‍ട്ടും ബന്ധിപ്പിക്കുന്ന ഹാപ്പി കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്, ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ഓഹരികള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയവയ്ക്കായി ബാങ്കിംഗ് മേഖലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളും നടപടികളും മുന്നോട്ട്‌വെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കാവുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളികളെ ചെറുക്കുന്നതിന് കൂടുതല്‍ വിഹിതം അനുവദിക്കുമെന്നും മേഖല പ്രതീക്ഷിക്കുന്നുണ്ട്. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ വേഗത്തില്‍ വീണ്ടെടുക്കാനുള്ള നിയമസംവിധാനം ശക്തിപ്പെടുത്തുന്നത് നല്ല നടപടിയായിരിക്കും. ഇത്തരത്തില്‍ ഒട്ടേറെ പ്രതീക്ഷകള്‍ 2023 ബജറ്റില്‍ ബാങ്കിംഗ് മേഖലയ്ക്കുണ്ട്.