പരാതികള്‍ ഉടന്‍ പരിഹരിക്കപ്പെടും; യുപിഐ ഹെല്‍പ്പ് അവതരിപ്പിച്ച് എന്‍പിസിഐ

ഇന്ത്യയുടെ മുന്‍നിര പേമെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ 4.25 ട്രില്യണ്‍ രൂപയുടെ 2.29 ബില്യണ്‍ ഇടപാടുകളാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. വര്‍ധിച്ചുവരുന്ന ഉപയോക്താക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സൗഹൃദമായ പരാതി പരിഹാര സംവിധാനങ്ങള്‍ ഒരുക്കുകയാണ് യുപിഐ.

ആര്‍ബിഐ നിര്‍ദേശപ്രകാരം ഭീം യുപിഐയില്‍ ഓണ്‍ലൈനായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി എന്‍പിസിഐ അറിയിച്ചു.

യുപിഐ-ഹെല്‍പ്പ് എന്ന പേരിലുള്ള ഈ സംവിധാനം വഴി പൂര്‍ത്തിയാക്കാനുള്ള ഇടപാടുകളുടെ സ്റ്റാറ്റസ് അറിയാം, ഇടപാട് പൂര്‍ത്തിയാക്കാത്തതോ ലഭിക്കേണ്ടയാള്‍ക്കു പണം ക്രെഡിറ്റ് ചെയ്യപ്പെടാതെ ആയാല്‍ അപ്പോള്‍ തന്നെ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ വ്യാപാര സ്ഥാപനങ്ങളുമായുള്ള ഇടപാടില്‍ ക്രമക്കേടുകളോ തടസ്സങ്ങളോ നേരിട്ടാല്‍ പരാതിയും നല്‍കാം.
വ്യക്തികള്‍ തമ്മിലുള്ള (പി 2 പി) ഇടപാടുകളിലെ പരാതി പരിഹരിക്കാനും യുപിഐ-ഹെല്‍പ്പ് ഗുണകരമാകും. പൂര്‍ത്തിയാക്കാത്ത ഇടപാടുകളില്‍ ഉപഭോക്താവ് നടപടിയൊന്നും കൈക്കൊള്ളാതെ തന്നെ യുപിഐ-ഹെല്‍പ്പ് സ്വയം പുതുക്കല്‍ നടത്തുകയും ഇടപാടിലെ അന്തിമ സ്ഥിതി അറിയിക്കുകയും ചെയ്യുന്നുവെന്നതും ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും.
എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കുള്ള ഭീം ആപിലായിരിക്കും ഇപ്പോള്‍ എന്‍പിസിഐ ലൈവ് ആയുള്ള സംവിധാനം ഏര്‍പ്പെടുത്തുക. പിന്നീട് വിപുലമാക്കിയേക്കും.
ബാങ്കുകള്‍ കൂടാതെ പ്രാരംഭഘട്ടത്തില്‍ പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക്, ടിജെഎസ്ബി സഹകാരി ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കും യുപിഐ-ഹെല്‍പ്പിന്റെ നേട്ടങ്ങള്‍ ലഭ്യമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it